ഡോണ്‍ബോസ്കോ ഫുട്ബോള്‍ അക്കാദമി ആരംഭിക്കുന്നു
ഇരിങ്ങാലക്കുട: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അംഗീകാരമുള്ള കൊച്ചി വടുതല ഡോണ്‍ബോസ്കോ ഫുട്ബോള്‍ അക്കാദമിയുടെ ഒരു ശാഖ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ ആരംഭിക്കുന്നു. അക്കാദമി മേയ് ആദ്യവാരം ആരംഭിക്കുമെന്നു സ്കൂള്‍ മാനേജരും അക്കാദമി രക്ഷാധികാരിയുമായ ഫാ. മാനുവല്‍ മേവട പത്രസമ്മേളനത്തിലൂടെ അറിയിച്ചു. പ്രഗത്ഭരും പരിചയ സമ്പന്നരും അക്കാദമിക തലത്തില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരുമാണു ക്യാമ്പില്‍ പരിശീലനം നല്‍കുന്നത്. എഐഎഫ്എഫിന്റെ കേരളത്തിലെ മൂന്നു ഫുട്ബോള്‍ അക്കാദമികളില്‍ ഏറ്റവും കരുത്തോടെ മുന്നേറുന്ന അക്കാദമിയാണു വടുതല ഡോണ്‍ബോസ്കോ ഫുട്ബോള്‍ അക്കാദമി. ഇന്ത്യയില്‍ 16-ാം സ്ഥാനവും കേരളത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ടു മുന്നേറുന്ന ഡോണ്‍ബോസ്കോ ഫുട്ബോള്‍ അക്കാദമിയിലെ പരിശീലനം കൂടുതല്‍ മികവോടെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാനും വിജയം വരിയ്ക്കാനും കുട്ടികള്‍ക്കു ആത്മവിശ്വാസവും അവസരവും നല്കുന്നു. ഡിഎഫ് എ ലീഗ്, ഐ ലീഗ്, സുബ്രോതോ മുഖര്‍ജി ടൂര്‍ണമെന്റ്, കെഎഫ്എ അക്കാദമി ലീഗ് മുതലായ മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പര്യാപ്തമായ പരിശീലന ക്യാമ്പുകളാണു സ്കൂളില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. എട്ടു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കു ക്യാമ്പില്‍ പങ്കെടുക്കാം. രാവിലെ 7.30 നും വൈകീട്ട് 4.30 നുമായി രണ്ടു ബാച്ചുകളിലാണു ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. സ്കൂള്‍ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് ശാസ്താംകാല, പിടിഎ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. വിശദവിവരങ്ങള്‍ക്ക്: 9447125927, 9188135414.