വിഷം തീണ്ടാത്ത മത്സ്യവും പച്ചക്കറിയും: അക്വാപോണിക്സ് കൃഷിയില്‍ കൂട്ടായ്മയോടെ വിജയം കൊയ്ത് കുടുംബശ്രീയിലെ മിനിയും കൂട്ടരും
കുഞ്ഞന്‍ ടാങ്കുകളില്‍ നീന്തിത്തുടിക്കുന്ന മീന്കുഞ്ഞുങ്ങള്ക്കും നാടന്‍ പച്ചക്കറികള്‍ക്കും ഒപ്പം മിനിയും കൂട്ടരും തങ്ങളുടെ കൃഷിയിടങ്ങളില്‍ ഹൈടെക്കാണ്. കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ കൂട്ടിയിണക്കി രണ്ടുമേഖലകള്ക്കും ഗുണമാകുന്ന വിധത്തില്‍ ഒരുക്കുന്ന സംയോജിത കൃഷിരീതിയായ അക്വാപോണിക്സാണ് കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയില്‍ വിജയം കൊയ്യുന്നത്. തൃശൂര്‍ ജില്ലയിലെ കാര്‍ഷികമേഖലയായ വെള്ളാങ്കല്ലൂര്‍ ബ്ലോക്കിലെ വേളൂക്കര പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ തുമ്പൂരിലാണ് ആറു സെന്റില്‍ ഈ നൂതന കൃഷിരീതി നടക്കുന്നത്. മിനി മാനുവല്‍, സൗദാമിനി വിജയന്, വത്സല ബാലന്, റോസിലി ജോസ്, ജെസി ആന്റണി എന്നീ അഞ്ച് അംഗങ്ങളാണ് ഈ കുടുംബശ്രീ കൂട്ടായ്മയിലുള്ളത്. വിപണിയിലെ പച്ചക്കറികളിലും ഭക്ഷ്യ ഉല്പന്നങ്ങളിലും മായവും വിഷാംശവും ഉണ്ടെന്ന തിരിച്ചറിവും ഇതിനു പ്രേരകമായി. വിഷമില്ലാത്ത ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം കൊണ്ട് കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കാനുള്ള ശ്രമമാണിപ്പോള്‍.
കുറച്ചു സ്ഥലത്ത് കൂടുതല്‍ വിളവ്: നാലു സെന്റിലെ മത്സ്യ കൃഷി വിപ്ലവം
മിനിയുടെ വീടിനോട് ചേര്‍ന്ന് നാല് സെന്റ് സ്ഥലത്താണ് ഈ കൃഷി രീതി നടപ്പാക്കിയിട്ടുള്ളത്. ഒരു സെന്റില്‍ മുഴുവനായും മത്സ്യങ്ങള്‍ വളരുന്നതിനുള്ള കുളമാണ്. കുറച്ച് സ്ഥലത്ത് കൂടുതല്‍ വിളവ് എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. മറ്റു കൃഷിക്ക് ഉപയോഗിക്കുന്ന സമയവും അധ്വാനവും ഇതിനു വേണ്ട. ഇതാണ് യഥാര്‍ഥ ജൈവകൃഷി എന്നുള്ള തിരിച്ചറിവാണ് നമുക്കുള്ളതെന്ന് കൃഷിക്കു നേതൃത്വം നല്കുന്ന മിനി പറഞ്ഞു. ആറു ലക്ഷം രൂപ അക്വാപോണിക് സംവിധാനത്തിനും രണ്ടുലക്ഷം രൂപ ഷീറ്റ് മേയുന്നതിനുമായി എട്ടു ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. മൂന്നു വര്‍ഷം മുമ്പ് മത്സ്യകൃഷി ആരംഭിച്ചിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷമാണു മത്സ്യ കൃഷി കൂടുതല്‍ വിപുലീകരിച്ചത്. ഇതൊരു സ്ഥിരവരുമാനമാണ്. മീനും തീറ്റയും മാത്രം വാങ്ങിയാല്‍ മതി. ആന്ധ്രയിലെ വിജയവാഡയില്‍ നിന്നു ശേഖരിക്കുന്ന ഗിപ്ര്റ് തിലോപ്പിയ എന്നയിനം മത്സ്യക്കുഞ്ഞുക്കളെയാണ് നിലവില്‍ കൃഷിചെയ്യുന്നത്.
മുന്തിരിയും വിളയും ഈ ജൈവ കൃഷിയിടത്തില്‍
തക്കാളി, വഴുതന, കുക്കുംബര്‍, മുളക്, പൊതീന എന്നിവയോടൊപ്പം മുന്തിരിയും ഇവിടെ വിളയുന്നുണ്ട്. മണ്ണും രാസവളങ്ങളും കീടനാശിനികളും പൂര്‍ണമായി ഒഴിവാക്കി മത്സ്യങ്ങളോടൊപ്പം പച്ചക്കറികളും പഴങ്ങളും ജൈവരീതിയില്‍ ഉല്പാദിപ്പിക്കുകയാണിവിടെ. മീനിന്റെ വിസര്‍ജ്യം കലര്‍ന്ന വെള്ളം ഫില്‍ട്ടര്‍ ടാങ്കിലൂടെ പച്ചക്കറി കൃഷിക്ക് തുറന്നുവിടും. ഈ വെള്ളം മീന്‍ കുളത്തിലേക്ക് എത്തിച്ചേരും. പച്ചക്കറി കൃഷിക്ക് മറ്റു വളങ്ങളൊന്നും നല്‍കേണ്ടതില്ല. ചൂടില്‍ ആവിയായി നഷ്ടപ്പെടുന്ന വെള്ളം ഇടക്ക് ചേര്‍ത്താല്‍ മതി. മത്സ്യം വളര്‍ത്തുന്ന ടാങ്കില്‍ അടിയുന്ന മത്സ്യവിസര്ജ്യങ്ങള്, തീറ്റ അവശിഷ്ടങ്ങള്‍ എന്നിവയിലുണ്ടാകുന്ന അമോണിയ മത്സ്യങ്ങള്‍ക്ക് ഹാനികരമാകാതെ അക്വാപോണിക്സ് സിസ്റ്റത്തിലുണ്ടാകുന്ന നൈട്രിഫൈയിംഗ് ബാക്ടീരിയകള്‍ നൈട്രേറ്റാക്കി മാറ്റുന്നു. ഈ നൈട്രേറ്റ് ചെടികള്‍ക്കു നല്ല വളമാണ്.
മത്സ്യ കൃഷിയില്‍ നൂറു മേനി വിളവ്
1500 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തിയെടുത്തതിലൂടെ കഴിഞ്ഞ വിളവെടുപ്പില്‍ 1000 കിലോ മീനാണ് ലഭിച്ചത്. ഇതോടെ രണ്ടുലക്ഷം രൂപ ലാഭം കിട്ടി. ഇടനിലക്കാരില്ലാതെ നേരിട്ടാണ് വിളവ് വിപണനം നടത്തുന്നത്. 4500 മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കാം എങ്കിലും 2000 മത്സ്യകുഞ്ഞുങ്ങളെ മാത്രമാണ് ഇത്തവണ നിക്ഷേപിച്ചിട്ടുള്ളത്. വര്‍ഷത്തില്‍ രണ്ടുതവണ എന്ന രീതിയില്‍ ആറുമാസം കൂടുമ്പോഴാണ് മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തുന്നത്. ആറുമാസം പിന്നിടുമ്പോള്‍ 500 ഗ്രാം തൂക്കമുള്ള മത്സ്യം കൃഷിയിടത്തില്‍നിന്നു ലഭിക്കുന്നു. അക്വാപോണിക്സ് മത്സ്യ കൃഷിക്കു പുറമേ പാട്ടത്തിന് സ്ഥലമെടുത്ത് നടത്തുന്ന കൃഷിയിലും ഈ വനിതകളുടെ കൂട്ടായ്മ വിജയത്തിലാണ്. പച്ചക്കറി കൃഷി പെട്ടന്ന് കേടു വരുന്നതിനാല്‍ വാഴകൃഷിയോടാണ് താത്പര്യം കൂടുതല്‍. കൊറ്റനെല്ലൂര്‍ മാര്‍ക്കറ്റിലാണ് വില്പന.
അംഗീകാരങ്ങള്‍
കുടുംബശ്രീയില്‍ നിന്നും അംഗീകാരം ലഭിച്ചിട്ടുണ്ട്. കുടുംബശ്രീ കൂട്ടായ്മയുടെ സെക്രട്ടറി എന്ന നിലയില്‍ മിനി സാമുവലിന് മികച്ച സംരംഭക എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.