ഹൈക്കോടതി വിധി സ്വാഗതാര്‍ഹം: ഇരിങ്ങാലക്കുട രൂപത ന്യൂനപക്ഷ അവകാശ സമിതി
ഇരിങ്ങാലക്കുട: കേരള സംസ്ഥാന ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതികളില്‍ 80:20 അനുപാതം റദ്ദാക്കി കൊണ്ടുള്ള 2021 മെയ് 28 ലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഇരിങ്ങാലക്കുട രൂപത ന്യൂനപക്ഷ അവകാശ സമിതി. അഭിഭാഷകനായ ജസ്റ്റിന് പള്ളിവാതുക്കല്‍ നല്കിയ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റിസ് എസ്. മാണിയാക്കു അധ്യക്ഷനായ ബെഞ്ച് ആണ് 2015 ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം റദ്ദാക്കിയിരിക്കുന്നത്. വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട ക്ഷേമപദ്ധതികള്‍ ഒരു പ്രത്യേക മത വിഭാഗം മാത്രം കുടുതലായി അനുഭവിക്കുന്നത് നീതിയല്ല. മറിച്ചു അവ ജനസംഖ്യാ അനുപാതത്തില്‍ വിതരണം ചെയ്യുകയോ അതുമല്ലെങ്കില്‍ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമായ ക്രിസ്തീയ സമൂഹത്തിനു കൂടുതലായി വിതരണം ചെയ്യുകയോ വേണം. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത് വലിയ വിവേചനം ഈ വകുപ്പിന്റെ കീഴില്‍ ക്രൈസ്തവ സമൂഹം നേരിട്ടിട്ടുണ്ട്. എന്നാല്‍ ഈ സര്‍ക്കാരില്‍ മുഖ്യമന്തി നേരിട്ട് ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നുള്ളത് ഏറെ പ്രത്യാശ നല്കുന്നു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെയും ക്ഷേമപദ്ധതി കളുടെയും ജനസംഖ്യ അനുപാതത്തിലുള്ള വിതരണം മാത്രമല്ല മറിച്ച് ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിലുള്ള ന്യൂനപക്ഷ കമ്മീഷന്, ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന്, ന്യൂനപക്ഷക്ഷേമ സമിതികള്‍ എന്നിവയിലും ജനസംഖ്യാ അനുപാതത്തിലുള്ള പ്രാതിനിധ്യം ഉറപ്പാക്കികൊണ്ടുള്ള പുനക്രമീകരണം നടത്തണമെന്ന് ന്യൂനപക്ഷ അവകാശ സമിതി ചെയര്മാന് മോണ്‍. ജോയി പാലിയേക്കര, ഡയറക്ടര്‍ ഫാ. നൗജിന് വിതയത്തില്‍, പ്രസിഡന്റ് അഡ്വ. ജോര്‍ഫിന്‍ പെട്ട എന്നിവര്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ പദ്ധതി-ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു- സംസ്ഥാന സിഎല്‍സി
തൃശൂര്‍: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കി നിലവിലുള്ള ജനസംഖ്യയ്ക്ക് ആനുപാതികമായി പുതിയ അനുപാതം തയ്യാറാക്കണമെന്ന ഹൈക്കോടതി വിധിയെ സിഎല്‍സി സംസ്ഥാന സമിതി സ്വാഗതം ചെയ്തു. നാളുകളായി ന്യൂനപക്ഷ സമൂഹങ്ങളെ വ്യത്യസ്ത തട്ടില്‍ അളന്നുകൊണ്ടിരുന്ന അനുപാതമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015 ല്‍ നിലവില്‍ വന്ന 80:20 എന്ന അനുപാതം സമൂഹത്തെ ദോഷകരമായ രീതിയില്‍ ബാധിച്ചിരുന്നതാണ്. മതന്യൂനപക്ഷമായ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്തവര്‍ക്ക് ഇതൊരു മറുപടിയാണെന്ന് സംസ്ഥാന ഡയറക്ടര്‍ ഫാ. ജിയോ തെക്കിനിയത്ത് പറഞ്ഞു. പ്രസിഡന്റ് ഷോബി കെ. പോള്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിംസ് പഞ്ഞിക്കാരന്‍, ട്രഷറര്‍ ബിജില്‍ സി. ജോസഫ്, ദേശീയ വൈദീക പ്രതിനിധി ഫാ. ഫ്രജോ വാഴപ്പിള്ളി, സൗത്ത് സോണ്‍ പ്രസിഡന്റ് വിനേഷ് കോളെങ്ങാടന്‍, ജെയ്സണ്‍ സെബാസ്റ്റിയന്, ഷീല ജോയ്, ജെസ്വിന് സോണി, റീത്ത ദാസ്, സജു തോമസ്, സിനോബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.
ന്യൂനപക്ഷ വകുപ്പിന്റെ 80:20 വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി ഇരിങ്ങാലക്കുട രൂപത കെസിവൈഎം സ്വാഗതം ചെയ്തു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ 80:20വിവേചന അനുപാതം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെ ഇരിങ്ങാലക്കുട രൂപത കെസിവൈഎം. സ്വാഗതം ചെയ്തു. നാളുകളായി ക്രൈസ്തവ സഭാധ്യക്ഷന്മാരും ക്രൈസ്തവ സംഘടനകളും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ടായിരിന്നു. ജനസംഖ്യ അടിസ്ഥാനത്തില്‍ ക്രൈസ്തവര്‍ കുറവായിരുന്നിട്ടും ഇതിലെ ഇരട്ടത്താപ്പ് വ്യാപക വിമര്‍ശനത്തിന് ഏറെ ഇടയാക്കിയിരുന്നു. ഹൈക്കോടതി നടപടി മതന്യൂനപക്ഷമായ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥയെ ചൂഷണം ചെയ്തവര്‍ക്കുള്ള മറുപടിയായാണ് കാണുന്നതെന്ന് യോഗം വിലയിരുത്തി. രൂപത ചെയര്മാന് എമില്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടിനോ മേച്ചേരി, ജനറല്‍ സെക്രട്ടറി നിഖില്‍ ലിയോണ്‍സ്, വൈസ് ചെയര്‍പേഴ്സണ്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച് എഫ് എന്നിവര്‍ സംസാരിച്ചു.
ഹൈക്കോടതി വിധി: തുറവന്ക്കുന്ന് കത്തോലിക്ക കോണ്‍ഗ്രസ് സ്വാഗതം ചെയ്തു
തുറവന്‍കുന്ന്: ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളുടെ വിഭജനത്തിലെ 80:20 എന്ന വിവേചനപരമായ വിവിധ കാലഘട്ടങ്ങളിലെ സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയെ തുറവന്‍കുന്ന് കത്തോലിക്ക കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംഘടനാ ഡയറക്ടര്‍ വികാരി ഫാ. ജോജു കോക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കോടതി വിധി നടപ്പാക്കുന്നതിനായി ചട്ടങ്ങളില്‍ വേണ്ട ഭേദഗതികള്‍ വരുത്തി എത്രയും വേഗം വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും വിധി പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ബെന്നി വിന്‍സെന്റ്, ട്രഷറര്‍ ജോണ്സന് മാപ്രാണത്തുക്കാരന്‍, ഔസേപ്പ് ചില്ലായ്, വിന്‍സന്‍ കരിപ്പായി, വിന്‍സന്‍ മഞ്ഞളി, ട്രസ്റ്റിമാരായ വര്‍ഗീസ് കാച്ചപ്പിള്ളി, ടിനോ ടോമി, കേന്ദ്ര സമിതി പ്രസിഡന്റ് കെ.ടി. വര്‍ഗീസ് കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.