കണ്ണിക്കര ചാതേലി വീട്ടില്‍ ജോജുവിന്റെ വീടിനു പുറകില്‍നിന്ന് 200 ലിറ്റര്‍ വാഷും വാറ്റുപകരങ്ങളും കണ്ടെത്തി
ആളൂര്‍: വീടിനു പുറകിലായി ഒരുക്കിയിരുന്ന വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കണ്ണിക്കര ചാതേലി വീട്ടില്‍ ജോജുവിന്റെ വീടിനു പുറകില്‍ ഒരുക്കിയിരുന്ന വന്‍ ചാരായ വാറ്റ് കേന്ദ്രമാണ് ആളൂര്‍ പോലീസ് എസ്ഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് 200 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാരായം വാറ്റി കൊണ്ടിരുന്ന വീട്ടുടമസ്ഥനായ ജോജു പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. വീടിനു സമീപത്തെ കാടുപിടിച്ച പറമ്പില്‍ വലിയ ഡ്രമ്മുകളിലായി വാഷ് കലക്കി വെച്ച് ആവശ്യത്തിനനുസരിച്ച് പകര്‍ത്തി കൊണ്ടുവന്നു വീടിനു പുറകില്‍ ഒരുക്കിയ വാറ്റ് കേന്ദ്രത്തില്‍ ചാരായം വാറ്റി വില്‍ക്കുകയായിരുന്നു പതിവ്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി പോലീസ് എത്തുമ്പോള്‍ പകല്‍ വില്‍പ്പന കഴിഞ്ഞ് പിറ്റേന്നെക്കുള്ളത് വാറ്റിയെടുക്കുന്ന തിരക്കിലായിരുന്നു പ്രതി. പോലീസിനെ കണ്ട് പ്രതി വീടിനു പുറകിലെ മതില് ചാടി രക്ഷപ്പെടുകയായിരുന്നു. പോലീസ് വാറ്റുപകരണങ്ങള്‍ പിടിച്ചെടുക്കുകയും 200 ലിറ്ററോളം വാഷ് നശിപ്പിക്കുകയും ചെയ്തു. വാട്സ് ആപ്പില്‍ ഓര്‍ഡര്‍ എടുത്തായിരുന്നു വില്പന നടത്തിയിരുന്നത്. ആളൂര്‍ എസ്ഐമാരായ രഘു, പ്രദീപ്, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാരായ ഫൈസല്‍ കോറോത്ത്, കെ.എസ്. ശ്രീജിത്ത്, റിസണ്‍ ആളൂര്‍, സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ അനീഷ്, അരുണ്‍, മുരളി, ജോബി എന്നിവരാണു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നു ഉദ്യോഗസ്ഥര്‍ അറിയിച്ചു.