കെഎല്‍ഡിസി കനാലില്‍ അനധികൃത മീന്‍പിടുത്തം: പെരുംകൂടുകളും വലകളും പത്താഴങ്ങളും ഫിഷറീസ് സംഘം പൊളിച്ചുമാറ്റി
ഇരിങ്ങാലക്കുട: കാറളം, ചാഴൂര്‍ പഞ്ചായത്തുകളില്‍ കോള്‍ പാടങ്ങളോടു ചേര്‍ന്നുള്ള കനാലുകളില്‍ നീരൊഴുക്ക് തടസപ്പെടുത്തി അനധികൃതമായി ആറിടങ്ങളില്‍ സ്ഥാപിച്ച വലകളും പത്താഴങ്ങളും കൂടുകളും നീക്കം ചെയ്തു. ചെമ്മണ്ട, താണിശേരി, പഴുവില്‍, കനോലി കനാല്‍ എന്നിവിടങ്ങളിലാണ് തട വലകള്‍, അരിപ്പ വലകള്‍, മീന്‍പത്തായങ്ങള്‍, അടിച്ചില്‍ എന്നിവ ഉപയോഗിച്ച് വെള്ളമൊഴുകുന്ന വഴികളെല്ലാം അടച്ച് ഒരു മത്സ്യം പോലും രക്ഷപ്പെടാത്ത രീതിയിലുള്ള കെണികള്‍ ഒരുക്കിയിരുന്നത്.
രാസവളങ്ങളുടെയും കീടനാശിനികളുടേയും ഉപയോഗം മൂലം പാടങ്ങളില്‍ മീനുകളുടെ പ്രജനനം വല്ലാതെ കുറഞ്ഞതിനു പുറമേയാണ് ഈ ഭീഷണി. പാടത്തും പുഴയിലും പ്രജനനത്തിനായെത്തുന്ന മത്സ്യങ്ങളെ അശാസ്ത്രീയമായി പിടിക്കുന്നതിലൂടെ മത്സ്യസമ്പത്ത് എന്നെന്നേക്കുമായി നഷ്ടപ്പെടാന്‍ വഴിയൊരുക്കുന്ന ഇത്തരത്തിലുള്ള മീന്‍പത്തായങ്ങള്‍ എത്രയും പെട്ടന്ന് പൊളിച്ചുമാറ്റണമെന്നു പാരമ്പര്യ മല്‍സ്യ തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു. പൊതുജലാശയങ്ങളില്‍ ഒഴുക്ക് തടസപ്പെടുത്തി വലകളും പത്താഴങ്ങളും സ്ഥാപിക്കുന്നത് കേരള ഇന്‍ലാന്‍ഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ നിയമപ്രകാരം മൂന്നു മാസം വരെ തടവും 10,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കൂടാതെ ഇത്തരത്തിലുള്ള വലകളിലും പത്താഴങ്ങളിലും ചണ്ടിയും കുളവാഴയും വന്നടിഞ്ഞു നീരൊഴുക്ക് തടസപ്പെടുത്തുന്നതിനും മഴക്കാലത്തു വെള്ളപൊക്കത്തിനും ബണ്ടുകള്‍ പൊട്ടുന്നതിനും കാരണമാകും. ഫിഷറീസ്-കൃഷി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് തടസങ്ങള്‍ നീക്കം ചെയ്തത്. തൃശൂര്‍ ജില്ലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടര്‍ പി. മാജ ജോസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.വി. ജയശ്രീ എന്നിവരുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം. ദീപയുടെ നേതൃത്യത്തിലുള്ള ഇന്‍ലാന്‍ഡ് പെട്രോളിംഗ് സംഘമാണ് വലകള്‍ നീക്കം ചെയ്തത്. കൃഷിവകുപ്പില്‍ നിന്നും ഐ.ബി. ഹരി, ഫിഷറീസ് വകുപ്പില്‍ നിന്നും സി.കെ. സുരേഷ് ബാബു, പി.സി. ഇന്ദ്രജിത്ത് എന്നിവരും പെട്രോളിംഗില്‍ പങ്കെടുത്തു.