കാട്ടൂര്‍ ശരത് കൊലപാതകം: അഞ്ചു പ്രതികളും അറസ്റ്റില്‍, 24 മണിക്കൂറിനുള്ളില്‍ പ്രതികളെല്ലാം അറസ്റ്റില്‍
ഇരിങ്ങാലക്കുട: വെള്ളിയാഴ്ച വൈകീട്ട് കാട്ടൂര്‍ കാക്കാത്തുരുത്തിയില്‍ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ അഞ്ചു പ്രതികളും അറസ്റ്റിലായി. കാക്കാത്തുരുത്തി സ്വദേശി കൈമാപറമ്പില്‍ വീട്ടില്‍ കുട്ടമണി എന്ന ജിജീഷ് (42), കാട്ടൂര്‍ സ്വദേശി കണ്ണമ്പുള്ളി വീട്ടില്‍ ഓലപീപ്പി എന്ന സജീവന് (40), ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശി കുഴിക്കണ്ടത്തില്‍ വീട്ടില്‍ ഷെരീഫ് (38), എടതിരിഞ്ഞി സ്വദേശി കൂതോട്ട് വീട്ടില്‍ ബിജു (34), ഇരിങ്ങാലക്കുട ജവഹര്‍ കോളനിയില്‍ പയ്യപ്പിള്ളി ചാക്കപ്പന് എന്ന സലീഷ് (32) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപിഎസിന്റെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ വി.വി. അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് ആറു മണിയേടെ ഒന്നാം പ്രതി ജിജീഷിന്റെ കാക്കാത്തുരുത്തിയിലെ വീട്ടില്‍ വച്ചാണ് സംഭവം. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായി പറയുന്നത്. സംഭവം നടന്നയുടനെ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപിഎസും ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷും സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്കി.
സാമ്പത്തിക തര്‍ക്കം കൊലപാതത്തിന് കാരണം
ഈ കേസിലെ രണ്ടാം പ്രതിയും നിരവധി കേസുകളിലെ പ്രതിയുമായ ഓലപ്പീപ്പി സജീവനും കൊല്ലപ്പെട്ട ശരത്തും തമ്മില്‍ വസ്തു ഇടപാടിനെ തുടര്‍ന്ന് സാമ്പത്തിക തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ശരത്തിന്റെ വീടും സ്ഥലവും സജീവന് കുറച്ചുനാള്‍ മുന്‍പ് വാങ്ങിയിരുന്നു. ഇതില്‍ ചെറിയ തുക മാത്രമാണ് സജീവന് നല്‍കിയിരുന്നത്. പലവട്ടം പണം ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് സജീവന് തിയതി നീട്ടിക്കൊണ്ടുപോയി. ശരത്ത് ഇടയ്ക്കിടെ പണം ചോദിക്കുന്നതില്‍ സജീവന് നീരസമുണ്ടായിരുന്നു. ലോക്ഡൗണ്‍ ആയി സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ കഴിഞ്ഞ ദിവസം പണം വേണമെന്ന് ശരത്ത് സജീവനോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച പണം തരാമെന്നു പറഞ്ഞ് ഒന്നാം പ്രതി ജിജീഷിന്റെ വീട്ടിലേക്ക് ശരത്തിനെ വിളിച്ചു വരുത്തി. ഈ സമയം അവിടെ ജിജീഷിനൊപ്പം സജീവനും മറ്റു പ്രതികളും മദ്യപിച്ച് സംഘടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. ശരത്ത് എത്തിയതോടെ സംസാരത്തിനിടെ സജീവനുമായി തര്‍ക്കമുണ്ടാകുകയും ജിജീഷ് കത്തിയെടുത്ത് ശരത്തിനെ കുത്തുകയുമായിരുന്നു. വയറില്‍ തുളഞ്ഞു കയറിയ ഒന്നര അടിയോളം നീളമുള്ള കത്തികൊണ്ടുള്ള കുത്തേറ്റു വീണ ശരത്ത് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തും മുന്‍പേ മരണപ്പെട്ടു. കുടല്‍മാല പുറത്തേക്കു വരുന്ന അവസ്ഥയിലായിരുന്നു ശരത്. കാട്ടൂര്‍ എസ്ഐ ആര്. രാജേഷ്, കെ. സുഹൈല്‍, പി.ജെ. ഫ്രാന്‍സിസ്, എഎസ്ഐ മാരായ എം. സുമല്‍, ഹരിഹരന്, സീനിയര്‍ സിപിഒ മാരായ കെ.കെ. പ്രസാദ്, മുരുകദാസ്, എം.ജെ. സന്ദീപ്, ഇ.എസ്. ജീവന്, സെയ്ഫുദ്ദീന്‍, സിപിഒ മാരായ കെ.എസ്. ഉമേഷ്, ജി. ശ്യാം, എ. ഉണ്ണികൃഷ്ണന്, നിഖില്‍ ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
അറസ്റ്റിലായവര്‍ ക്രിമിനലുകളും, നിരവധി കേസുകളില്‍ പ്രതികളും,
പ്രതികളായ ജിജേഷ്, സജീവന്, ഷെരീഫ്, ബിജു, സലീഷ് എന്നിവര്‍ നിരവധി കൊലപാതകശ്രമം, അടിപിടി കേസുകളിലും പ്രതികളുമാണ്. രണ്ടാം പ്രതിയും ഗുണ്ടയുമായ ഓലപീപ്പി സജീവന് ഇരിങ്ങാലക്കുട കാട്ടൂര്‍ ചേര്‍പ്പ് സ്റ്റേഷനുകളിലായി കൊലപാതകശ്രമം അടക്കം ഇരുപത്തഞ്ചോളം കേസില്‍ പ്രതിയാണ്. രണ്ടു തവണ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളുമാണ്. കൂടാതെ ഇയാള്‍ക്കെതിരെ ഐ.ടി.പി കേസുമുണ്ട്. ഒന്നാം പ്രതി ജിജേഷിന് കൊലപാതക ശ്രമത്തിനും നിരവധി അടിപിടി കേസിലും മൂന്നാം പ്രതി ഷെരീഫ് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ അഞ്ചു അടിപിടി കേസുകളിലും, അഞ്ചാം പ്രതിയായ സലീഷിനും ഇരിങ്ങാലക്കുട കാട്ടൂര്‍ സ്റ്റേഷനുകളില്‍ കൊലപാതകശ്രമക്കേസുണ്ട്.