വിംബിള്‍ഡനില്‍ ജര്‍മ്മന്‍ താരത്തിന്റെ മുന്നേറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇരിങ്ങാലക്കുടയും
വിംബിള്‍ഡന്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്ന് ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുള്ള ജര്‍മ്മന്‍ താരം ആഞ്ജലിക് കെര്‍ബറിന് യോഗയില്‍ പരിശീലനം നല്‍കുന്നത് ഇരിങ്ങാലക്കുട സ്വദേശി. ഇരിങ്ങാലക്കുട: വിംബിള്‍ഡന്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരവും മൂന്ന് ഗ്രാന്റ് സ്ലാം കിരീടങ്ങളും നേടിയിട്ടുള്ള ജര്‍മ്മന്‍ താരം ആഞ്ജലിക് കെര്‍ബര്‍ മുന്നേറ്റങ്ങള്‍ ആവേശമാകുന്നത് ജര്‍മ്മന്‍ ജനതക്ക് മാത്രമല്ല. 2019 മുതല്‍ 33 കാരിയായ ലോകതാരത്തിന് യോഗ പരിശീലനം നല്കുന്ന ഇരിങ്ങാലക്കുട സ്വദേശിയായ യോഗ ട്രെയിനര്‍ പി ആര് ബിനോയിക്ക് കൂടിയാണ്. 2014 മുതല്‍ യൂറോപ്പില്‍ സ്ഥിരമായി ക്ലാസുകളെടുക്കുന്നുണ്ട് പി ആര് ബിനോയ്. അവിടുത്തെ ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞാണ് ബിനോയിയെ തേടി ആഞ്ജലിക് എത്തുന്നത്. 2018 വിംബിള്‍ഡന്‍ ഫൈനലില്‍ സെറിന വില്ല്യംസിനെ അട്ടിമറിച്ച് ചാമ്പ്യന്‍പട്ടം നേടിയ ശേഷം നഷ്ടപ്പെട്ട കളിയുടെ താളം വീണ്ടെടുക്കാനായി ശ്രമിച്ചിരുന്ന നാളുകളിലായിരുന്നു ആ കണ്ടുമുട്ടല്‍. അന്നു മുതല്‍ ചിട്ടയായ പരിശീലനമാണ് ബിനോയുടെ കീഴില്‍ ആഞ്ജലിക് നേടിയത്. മല്‍സരങ്ങള്‍ക്ക് കോവിഡ് നല്കിയ നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞമാസം ജര്‍മ്മനിയില്‍ നടന്ന ബാഡ് ഹോംബുര്‍ഗ് ഓപ്പണില്‍ തന്റെ പതിമൂന്നാമത് ഡബ്ലടി എ കിരീടം സ്വന്തമാക്കിയാണ് ആഞ്ജലിക് തന്റെ രണ്ടാം വരവറിയിച്ചത്. കഴിഞ്ഞ ദിവസം വിംബിള്‍ഡനില്‍ നടന്ന വനിതകളുടെ സിംഗിള്‍സ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ബെലറൂസിയന്‍ താരം അലക്സാണ്ഡ്ര സാസ്കോവിച്ചിനെ പരാജയപ്പെടുത്തി ആഞ്ജലിക് പ്രിക്വാട്ടേഴ്സില് പ്രവേശിക്കുകയും ചെയ്തു. ഈ പ്രകടനം വരുന്ന കളികളിലും തുടരുമെന്ന പ്രതീക്ഷയിലാണ് ബിനോയ്. അതിനൊപ്പം വരുന്ന ടോക്യോ ഒളിമ്പിക്സിലും തന്റെ പ്രിയ ശിഷ്യ ഒരു മെഡല്‍ നേടുമെന്ന പ്രീതീക്ഷയും മറച്ചുവയ്ക്കുന്നില്ല ബിനോയ്. ന്യൂസിലാന്റ്, ഓസ്ട്രേലിയ, ജര്‍മ്മനി, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സര്‍ലന്റ്, പോളണ്ട് തുടങ്ങി 18 ഓളം രാജ്യങ്ങളില്‍ യോഗാ ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട് ബിനോയ്. സിനിമാതാരങ്ങള്‍, സൂപ്പര്‍ മോഡലുകള്‍, മന്ത്രിമാര്‍ എന്നിവരടങ്ങുന്ന ശിഷ്യരുടെ നീണ്ട നിര. എങ്കിലും അവരിലെല്ലാവരില് നിന്നും ആഞ്ചലിക് വേറിട്ട് നില്ക്കുന്നു എന്ന് ബിനോയ് പറയുന്നു. ലോക ടെന്നിസിന്റെ നെറുകയിലെത്തിയിട്ടും ‘ഞാനെന്ന ഭാവം തീരെയില്ല. അസാമാന്യമായ അച്ചടക്കവും കൃത്യനിഷ്ഠയും. ഒരു സെക്കന്റ് വൈകാതെ കൃത്യസമയത്ത് ക്ലാസ്സിന് ഹാജരാകും.ചിട്ടയായ പരിശീലനം. മൂന്നുവയസ്സുമുതല്‍ ടെന്നിസിനെ പ്രണയിച്ചുതുടങ്ങിയ തന്റെ പ്രിയ ശിഷ്യയെക്കുറിച്ച് പറയാന്‍ ഈ അദ്ധ്യാപകന് നൂറുനാവ്. ശിഷ്യയില്‍നിന്ന് താനും ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്ന് ഗുരുവും. താന്‍ ആരാധിച്ചിരുന്ന ടെന്നീസ് താരം ശിഷ്യയുടെ രൂപത്തില്‍ മുന്നില്‍ വന്നത് അപൂര്‍വമായ അനുഭവമായിരുന്നുവെന്നും യോഗ ട്രെയിനര്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കോവിഡ് കാരണം യാത്രകള്‍ കുറേ മുടങ്ങിയ അവസ്ഥയിലാണ് ബിനോയ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അവസാനമായി ജര്‍മ്മനിയില്‍ പോയത്. അടുത്തമാസം വീണ്ടും പോകാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് യോഗ ട്രെയിനര്‍ പി ആര് ബിനോയ്. അതുവരെ ക്ലാസുകള്‍ ഓണ്‍ലൈനിലാണ്. കൊച്ചിന് സര്‍വ്വകലാശാലയില്‍ നിന്ന് ജോയിന്റ് രജിസ്ട്രാറായി വിരമിച്ച ഇരിങ്ങാലക്കുട എസ് എന്‍ നഗര്‍ പുളിയ്ക്കല്‍ രാജഗോപാലന്റെയും മംഗളാദേവിയുടേയും മകനാണ് ബിനോയ്. മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഡി.വൈ.എസ്.പി ബിജോയ് പി ആര്, നടനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസ്സോസിയേറ്റ് പ്രൊഫസറുമായ ജിജോയ് എന്നിവര്‍ ഇളയ സഹോദരങ്ങളാണ്. മൂവരും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. കാറളം സ്വദേശി സജീവ് ശങ്കരനാണ് യോഗയില്‍ ആദ്യ ഗുരു. പിന്നീട് ബിഹാര്‍ സ്കൂള്‍ ഓഫ് യോഗയില്‍ ചേര്‍ന്നു. ഇപ്പോള്‍ കണ്ണൂര്‍ പള്ളിക്കുളം ചന്ദ്രന് മാസ്റ്ററില്‍ നിന്ന് യോഗ അഭ്യസിക്കുന്നു. ഇവരുടെയെല്ലാം അനുഗ്രമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ബിനോയ് പറയുന്നു.