പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടിയവർക്ക് അഭിനന്ദനങ്ങൾ
ഗ്രേസ് മാര്‍ക്ക് ഇല്ലാതെ 1200 ല്‍ 1200 മാര്‍ക്ക് നേടി അക്ഷര ബാലകൃഷ്ണന്
ഇരിങ്ങാലക്കുട: ഗ്രേസ് മാര്‍ക്ക് ഇല്ലാതെ 1200ല്‍ 1200 മാര്‍ക്ക് നേടി ഇരിഞ്ഞാലക്കുട ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൊമേഴ്സ് വിദ്യാര്‍ത്ഥിനി അക്ഷര ബാലകൃഷ്ണന്. കാറളം പുത്തന്‍ മഠത്തില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ബാലകൃഷ്ണന്റെയും നടവരമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഹൈസ്കൂള്‍ അധ്യാപിക സീനയുടെയും ഏക മകളാണ്.
കായികതാരം സാമുവല്‍ ജോണിന് 1200 ല്‍ 1200
ഇരിങ്ങാലക്കുട: നെറ്റ് ബോള്‍ കായികതാരം സാമുവല്‍ ജോണിനു 1200 ല്‍ 1200. പുല്ലൂര്‍ അമ്പലനട ജംഗ്ഷനു സമീപം ഐനിക്കല്‍ ജോണ്‍-തെരേസ ദമ്പതികളുടെ മകനാണ്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. പഞ്ചാബില്‍ നന്ന നെറ്റ് ബോള്‍ ദേശീയ മല്‍സരത്തിനും സംസ്ഥാന തലത്തിലുള്ള മല്‍സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ഇതുവരെ ട്യൂഷനു പോയിട്ടില്ലെന്നും സാമുവല്‍ ജോണ്‍ പറയുന്നു.
1200 ല്‍ 1200 നേടിയ പാര്‍വതി വിജയകുമാര്‍.
ഇരിങ്ങാലക്കുട: പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പാര്‍വതി അഭിമാനമായി. പുല്ലൂര്‍ പള്ളത്ത് വിജയകുമാറിന്റെയും പി.എസ്. രാധയുടെയും മകളാണ്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ സംസ്കൃതം കഥാ രചനയില്‍ പങ്കെടുത്ത് സംസ്ഥാന തലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. തുടര്‍ന്ന് ഐഐഎസ്ടി (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി) പഠിക്കുവാനാണ് താല്പര്യം. ജ്യോതിശാസ്ത്രജ്ഞ ആകാനാണ് താല്പര്യം.
പ്രവര്‍ത്തി പരിചയമേളയില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തിയ ലിംന സി. തോമസിന് 1200 ല്‍ 1200.
ഇരിങ്ങാലക്കുട: പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്ക് നേടി ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്കൂളിലെ ലിംന സി. തോമസ് അഭിമാനമായി. എടക്കുളം ഒടയ്പാടം ചിറ്റേക്കരവീട്ടില് തോമസിന്റെയും ലിസിയുടെയും മകളാണ്. പിതാവ് തോമസ് മെക്കാനിക്കാണ്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ പ്രവൃത്തി പരിചയമേളയില്‍ ഗാര്‍മെന്‍സ് മേക്കിംഗില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡും റവന്യു തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാര്‍മെന്‍സ് മേക്കിംഗില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ഇന്റര്‍ നാഷണല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകുവാനാണ് മോഹം.