അരീക്കത്തോട് അപ്രത്യക്ഷമാകുന്നു, ഇല്ലാതാകുന്നത് 300 ഏക്കര്‍ പുഞ്ചകൃഷി
കൊറ്റനെല്ലൂര്‍: പാടശേഖരത്തിലെ വെള്ളക്കെട്ടുമൂലം കോലോത്തുനാട് പാടശേഖരത്തിലേയും വഴക്കിലിച്ചിറ പാടശേഖരത്തിലേയും പുഞ്ചകൃഷി ഇത്തവണയും മുടങ്ങി. 300 ഏക്കറിലെ കൃഷിയാണു വര്‍ഷങ്ങളായി മുടങ്ങുന്നത്. കുറുങ്ങന്പാടത്തുനിന്നും പട്ടേപ്പാടത്തുനിന്നും വരുന്ന മഴവെള്ളവും ഉറവുവെള്ളവും പെരുന്തോട്ടിലെത്തി കരിങ്ങാച്ചിറ വഴി കായലില്‍ എത്തിച്ചേരണം. ഈ വെള്ളം പകരപ്പിള്ളി അരീക്കത്തോട്ടിലൂടെ പെരുന്തോട്ടിലെത്തണം. എന്നാല്‍ അരീക്കത്തോടിന്റെ ചിലഭാഗങ്ങള്‍ മൂടിയതു വെള്ളത്തിന്റെ ഒഴുക്കിനു തടസമായി. ഇതുമൂലം വഴിക്കിലിച്ചിറയുടെ താഴ്വാരത്തുള്ള കോലോത്തുനാട് പുഞ്ചപ്പാടശേഖരത്തിലെ ജലവിതരണ സംവിധാനം തകര്‍ന്ന നിലയിലാണ്. ഉറവുവെള്ളം അരീക്കത്തോടിലൂടെ ഒഴുകി പോയിരുന്നതു തടസപ്പെട്ടതിനാല്‍ ദിശമാറി കോലോത്തുനാട് പാടശേഖരത്തിലാണ് ഇപ്പോള്‍ വെള്ളം എത്തിച്ചേരുന്നത്. 2007 നു ശേഷം ഈ ഭാഗത്തെ 80 ശതമാനം കൃഷിയും ഇതോടെ നിലച്ചു. 2014-15 വര്‍ഷങ്ങളില്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു കൃഷി നടത്താന്‍ ശ്രമിച്ചതു വലിയ നഷ്ടത്തില്‍ കലാശിച്ചു. മാസങ്ങളോളം പെരുന്തോട്ടിലേക്കു വെള്ളം പമ്പ് ചെയ്യേണ്ട സ്ഥിതിയാണ്. കൂടാതെ, ഭീമമായ അധിക വൈദ്യുതിച്ചാര്‍ജും സമയനഷ്ടവും ഉണ്ടാകും. മാത്രമല്ല, തുടര്‍ന്ന് കൃഷിയിറക്കുമ്പോള്‍ വരള്‍ച്ചാ ഭീഷണിയും വിളവ് ആകുമ്പോള്‍ മഴകാരണം കൊയ്യുന്നതിനും സാധിക്കുന്നില്ലായെന്നാണു കര്‍ഷകര്‍ പറയുന്നത്. മൂടിയതോട് പൂര്‍വസ്ഥിതിയിലാക്കി പെരുന്തോടിന്റെ താഴ്ച നിലനിര്‍ത്തിയാല്‍ മികച്ച ജലസംഭരണിയായി മാറും. കൂടാതെ വെള്ളക്കെട്ടിന് പരിഹാരവുമാകും.
പഞ്ചായത്തിന്റെ നിസംഗത, തോടു കൈയേറ്റം ഒഴിപ്പിക്കാനായില്ല
പുത്തന്‍ചിറ, വേളൂക്കര പഞ്ചായത്ത് സെക്രട്ടറിമാരുടെ നിസംഗതയാണു കോലോത്തുനാട് പാടശേഖരത്തിലെ പുഞ്ചകൃഷി ഇല്ലാതാകുന്നതിനു കാരണം. അരീക്കത്തോടിലെ കൈയേറ്റം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. 2018 ഏപ്രിലിലും 2019 നവംബറിലും പുത്തന്‍ചിറ, വേളൂക്കര പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കും നടപടി എടുക്കാനായി തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഒരു നടപടിയുമെടുത്തിട്ടില്ല. കൈയേറ്റം ചെയ്യപ്പെട്ട അരീക്കത്തോടിന്റെ ഭൂരിഭാഗവും പുത്തന്‍ചിറ പഞ്ചായത്തിലെ പുത്തന്‍ചിറ വില്ലേജിലും പാടശേഖരം വേളൂക്കര പഞ്ചായത്തിലെ കൊറ്റനെല്ലൂര്‍ വില്ലേജിലുമായതിനാല് അതിര്ത്തിത്തര്ക്കമുന്നയിച്ച് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണു പാടശേഖരസമിതി ആരോപിക്കുന്നത്. കൈയേറ്റം ഒഴിവാക്കി തോട് പൂര്വസ്ഥിതിയിലാക്കിയാല് മാത്രമേ ഇനി കൃഷി ഇറക്കുവെന്ന നിലപാടിലാണു കര്‍ഷകര്‍.
ഇല്ലാതാകുന്നത് ചരിത്രം പറയുന്ന തോട്
ഏറെ ചരിത്ര പ്രാധാന്യമുള്ളതാണ് അരീക്കത്തോട്. പഴയ കൊച്ചി, തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി കൂടിയാണിത്. കൊച്ചി രാജവംശം തിരുവിതാംകൂറിലെ സേനാനായകനായ അയ്യപ്പന് മാര്ത്താണ്ടന്പിള്ളയ്ക്ക് സമ്മാനമായി നല്കിയ ഭൂമിയുടെ വേര്‍തിരിവ് കാണിക്കുന്ന കൊച്ചി-തിരുവിതാംകൂര്‍ അതിര്‍ത്തിയിലെ ചരിത്രപ്രസിദ്ധമായ കൊതിക്കല്ല് നിലകൊള്ളുന്നത് ഇവിടെയാണ്. തോടിന്റെ പലഭാഗത്തും ‘കൊ-തിരു’ എന്ന രേഖപ്പെടുത്തിയ അതിര്‍ത്തിക്കല്ലുകള്‍ ഇപ്പോഴും കാണാം. തോട് മുറിച്ചു കടക്കാന്‍ അന്ന് കപ്പം കൊടുക്കണമായിരുന്നു.