‘ആശ്വാസ് ‘ സൗജന്യ വാക്സിനേഷന് ക്യാമ്പ് നാളെ സെന്റ് തോമസ് കത്തീഡ്രലില്‍
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ‘ആശ്വാസ്’ എന്ന പേരില്‍ സൗജന്യ വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചുവരെ സീയോന് ഹാളില്‍ ക്യാമ്പ് നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 7.30 ന്ു ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവും ചേര്‍ന്ന് നിര്‍വഹിക്കും. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുമായി ചേര്‍ന്ന് കോവീഷീല്‍ഡ് വാക്സിന്റെ ഫസ്റ്റ് ഡോസാണ് സൗജന്യമായി നല്‍കുന്നത്. ഇടവകയിലെ 68 കുടുംബ യൂണിറ്റുകളിലായി ആയിരത്തോളം പേര്‍ക്കാണു വാക്സിന് നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് വിവിധ കുടുംബ യൂണിറ്റുകളിലുള്ളവര്ക്കായി സമയക്രമം നിശ്ചയിച്ച് കൂപ്പണ്‍ നല്‍കിയാണു വാക്സിന് നല്‍കുന്നത്. കടകളിലും പൊതുയിടങ്ങളിലും മറ്റു സ്ഥാപനങ്ങളിലുമെല്ലാം പ്രവര്‍ത്തിക്കുന്നവരും ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങളും ആദ്യഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണു ക്യാമ്പ് സംഘടിപ്പിച്ചത്. ഏകദേശം എട്ടു ലക്ഷം രൂപയാണ് വാക്സിനേഷന് ക്യാമ്പിനു ചെലവു പ്രതീക്ഷിക്കുന്നതെന്ന്ു കത്തീഡ്രല്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് അറിയിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ജിബിന്‍ നായത്തോടന്‍, കണ്‍വീനറും ട്രസ്റ്റിയുമായ ജിയോ പോള്‍ തട്ടില്‍, കൈക്കാരന്മാരായ ജോസ് കൊറിയന്‍, വര്‍ഗീസ് തൊമ്മാന, അഗസ്റ്റിന് കോളേങ്ങാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ഷാജന് കണ്ടംകുളത്തി, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു നെയ്യന്, പള്ളികമ്മിറ്റി അംഗം അഡ്വ. ഹോബി ജോളി എന്നിവര്‍ പങ്കെടുത്തു.