ചൈനക്കെതിരെ പ്രതിഷേധം ശക്തം; തരംഗമായി ബോയ്ക്കോട്ട് ചൈന മാസ്കുകള്‍
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യ വ്യാപകമായി ചൈനക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നു. ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്ക്കരിച്ചും ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നത്. വ്യത്യസ്തമായ രീതിയിലാണ് ചൈനക്കെതിരെ രാജ്യത്ത ജനങ്ങള്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരില്‍ ബോയ്ക്കോട്ട് ചൈന എന്നെഴുതിയ മാസ്കുകള്‍ വിറ്റഴിച്ചിരിക്കുകയാണ് വ്യാപാരികള്‍.
ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിക്കുക, കമ്മ്യൂണിസ്റ്റ് ചൈനയെ ബഹിഷ്കരിക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ അച്ചടിച്ച മാസ്കുകളാണ് കശ്മീരിലെ വ്യാപാരികള്‍ വിറ്റഴിക്കുന്നത്. പുതിയ മാസ്കിന് ഡിമാന്‍ഡ് ഏറെയാണെന്നും നിരവധി ആളുകളാണ് മാസ്ക് വാങ്ങാനെത്തുന്നതെന്നും വ്യാപാരികള്‍ പറയുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ കോലം കത്തിച്ചും ചൈനയുടെ ദേശീയ പതാക കത്തിച്ചും ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്ക്കരിച്ചുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. ഹിമാചല്‍ പ്രദേശ്, അഹമ്മദാബാദ്, തെലങ്കാന എന്നിവിടങ്ങളിലെല്ലാം ജനങ്ങള്‍ പ്രതിഷേധം നടത്തി. ചൈനക്കും ചൈനീസ് പ്രസിഡന്റിനുമെതിരെ മുദ്രാവാക്യം മുഴക്കിയും ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് രാജ്യത്തെ ജനങ്ങള്‍ പ്രതിഷേധം നടത്തുന്നത്.