കേരളത്തില്‍ നിന്ന് അപൂര്‍വ ഇനം ‘തൊഴുകൈയ്യന്‍ വലച്ചിറകന്‍’ നെ കണ്ടെത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബ് ഗവേഷണ സംഘം കേരളത്തില്‍ നിന്ന് അപൂര്‍വ ഇനം തൊഴുകൈയ്യന്‍ വലച്ചിറകനെ കണ്ടെത്തി. മാന്ഡിസ്പില്ല ഇന്‍ഡിക്ക എന്ന സ്പീഷീസിനെയാണ് ഗവേഷക സംഘം കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ്, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നാണ് ഈ സ്പീഷീസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ദേശീയ ശാസ്ത്ര മാസികയായ ജേണല്‍ ഓഫ് ത്രെട്ടനഡ് ടാക്സിയിലാണ് ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി. സൂര്യനാരായണന്, ഗവേഷണ മേധാവി ഡോ. സി. ബിജോയ് എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. തൊഴുകൈയ്യന്‍ പ്രാണിയുമായി ഈ ജീവിയെ പൊതുവെ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വലപോലുള്ള ചിറകുകള് അടിസ്ഥാനപ്പെടുത്തിയാണ് ഇവയെ വേര്ത്തിരിച്ചറിയുന്നത്. ഈ ഇനം പെണ്തൊഴുകൈയ്യന് വലച്ചിറകന്‍ ചിലന്തിവലയില്‍ മുട്ടയിട്ട് ഇവയില്‍ നിന്നും ഉണ്ടാകുന്ന ലാര്‍വ ചിലന്തി കുഞ്ഞുങ്ങളെ ഭക്ഷിച്ചാണ് ജീവിതചക്രം പൂര്‍ത്തിയാക്കുന്നത്. കേരളത്തില്‍ നിന്നും ഈ വിഭാഗത്തിലെ മൂന്നാമത്തെ സ്പീഷീസാണ് ഇത്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്ച്ചിന്റ സാമ്പത്തിക സഹായത്തോടെയാണ് ഈ ഗവേഷണം നടത്തിയത്