ഇരിങ്ങാലക്കുടയില്‍ ഇരട്ട സ്ഫോടനം; പോലീസ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം റോഡില്‍ ചെറുതൃക്ക് ക്ഷേത്രത്തിനു സമീപം മുകുന്ദപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് സ്റ്റോര്‍ കെട്ടിടത്തിലെ ചായക്കടയിലുണ്ടായ ഇരട്ട സ്ഫോടനത്തില്‍ ദുരൂഹതയേറി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉറവിടമോ കാരണങ്ങളോ ഇതുവരെയും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച രാത്രി 9.41 നാണു സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ചായക്കട കത്തി നശിക്കുകയും കെട്ടിടത്തിന്റെ ചുമരുകള്‍ക്കു വിള്ളലുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ കടയുടെ ഷട്ടറും കടയില്‍ ഉണ്ടായിരുന്ന ഫര്‍ണീച്ചറുകളും മറ്റും റോഡിലേക്കു തെറിച്ചു പോയി. സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ സാധനങ്ങള്‍ തെറിച്ചതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം നിലച്ചിരുന്നു. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണു കടയിലെ തീ കെടുത്തിയത്. സ്ഫോടനത്തില്‍ രണ്ടു തവണ തീഗോളങ്ങള്‍ ഉയരുന്നതായി ചെറുതൃക്ക് ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിടിവി കാമറയില്‍ തെളിഞ്ഞിട്ടുണ്ട്. ചായയും ലഘുഭക്ഷണങ്ങളും മാത്രം നല്കി വരുന്ന ചായക്കട രാവിലെ മൂന്നു മുതല്‍ വൈകീട്ട് വരെയാണു പ്രവര്‍ത്തിക്കുന്നത്. നാലുവര്‍ഷമായി ചായക്കട നടത്തുന്ന പ്രകാശനും രണ്ടു സഹായികളുമാണ് ഇവിടെ ഉണ്ടായിരുന്നത്. തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ ഷട്ടറിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പിന്നീടു നടത്തിയ പരിശോധനയില്‍ ഫ്രിഡ്ജിലെ കംപ്രസര്‍ പൊട്ടിയിട്ടില്ല. വലിയ ശബ്ദം കേട്ട് ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതാണെന്നു കരുതി എത്തിയ പരിസരവാസികളാണ് ചായക്കടയിലാണ് പൊട്ടിത്തെറി ഉണ്ടായതെന്നു തിരിച്ചറിഞ്ഞത്. ഫ്രിഡ്ജിന്റെ കംപ്രസറാണ് പൊട്ടിത്തെറിക്കാന്‍ സാധ്യതയെന്നു കരുതിയെങ്കിലും പൊട്ടിത്തെറിച്ച ഫ്രിഡ്ജിന്റെ കംപ്രസറിനു യാതൊരു കുഴപ്പവുമില്ലാതെ കിടക്കുന്നുണ്ട്. മാത്രവുമല്ല, ചായക്കടയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കും യാതൊരു കുഴപ്പവും ഇല്ല. ചായക്കടയുടെ പുറകിലെ നീതി സഹകരണ സംഘത്തിന്റെ ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു. 17 ഗ്യാസ് സിലിണ്ടറുകളും 37 ഓളം കാലി ഗ്യാസ് സിലിണ്ടറുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ മുറിയുടെ തൊട്ടടുത്ത് പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ കടയില്‍ മണ്ണെണ്ണ ബാരലുകളും ഉണ്ടായിരുന്നു. ഗ്യാസ് ഗോഡൗണിനും റേഷന്‍ കടയ്ക്കും ഇടയിലുള്ള ഭിത്തി തകര്‍ന്നു വീണിട്ടുണ്ട്. എന്നാല്‍ ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്കോ, മണ്ണെണ്ണ ബാരലുകള്ക്കോ തീപിടിച്ചിരുന്നില്ല. ഗ്യാസ് ഗോഡൗണിനു തീ പിടിച്ചിരുന്നുവെങ്കില്‍ സ്റ്റേറ്റ് ബാങ്ക് പ്രവര്‍ത്തിക്കുന്ന ഈ മേഖലയില്‍ വന്‍ നാശനഷ്ടവും ജീവഹാനിയും സംഭവിക്കുമായിരുന്നു. സമീപത്തെ കടമുറികളുടെ ഷട്ടറുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. സ്ഫോടനത്തില്‍ ഷട്ടറുകള്‍ തെറിച്ച് പാണ്ടിസമൂഹം ഹാളിന്റെ മേല്‍ക്കൂരയില്‍ പതിച്ചിട്ടുണ്ട്. സമീപത്തെ ആയുര്‍വേദ കടയുടെയും പാണ്ടി സമൂഹ മഠം ഹാളിന്റെ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. പോലീസിന്റെ നേതൃത്വത്തില്‍ രാത്രി തന്നെ ഗ്യാസ് സിലിണ്ടറുകള്‍ നീക്കം ചെയ്തിരുന്നു.