ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്; ഈ മഹാരഥന്മാരെ…………………..
സ്മരണകള്‍ ഫലകങ്ങളില്‍ മാത്രം ഓതുങ്ങിയോ…ഫലകങ്ങളാകട്ടെ കാടു മൂടിയ നിലയിലും…..
ഇരിങ്ങാലക്കുട: രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ച മഹാരഥന്മാരുടെ സ്മാരകങ്ങള്‍ ഇന്നും അവഗണനയില്‍. കൂത്തിന്റേയും കൂടിയാട്ടത്തിന്റേയും കുലപതിയായ പത്മഭൂഷന്‍ അമ്മന്നൂര്‍ മാധവചാക്യാര്‍, വിദ്യഭ്യാസ രംഗത്ത് ഇരിങ്ങാലക്കുടയുടെ പേരും പെരുമയും ഉയര്‍ത്തിയ ക്രൈസ്റ്റ്, സെന്റ് ജോസഫ്സ് കോളജുകളുടെ സ്ഥാപനകനായ പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ എന്നിവരുടെ സ്മരണാര്‍ഥമാണ് സ്ക്വയറുകള്‍ സ്ഥാപിച്ചത്. 2014 ഫെബ്രുവരി 28 നു ഠാണാ-കാട്ടൂര്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നത്തെ സംസ്ഥാന ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് നാമകരണ ചടങ്ങ് നടത്തിയത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബെന്‍സി ഡേവിഡായിരുന്നു ചടങ്ങിന്റെ അധ്യക്ഷന്‍. ഠാണാ-പൂതംകുളം ജംഗ്ഷനു ഫാ. ഗബ്രിയേല്‍ സ്ക്വയര്‍ എന്നും ഞൗരിക്കുളം-മാസ് ജംഗ്ഷനു സി.ആര്. കേശവന് വൈദ്യര് സ്ക്വയര്‍ എന്നും കാട്ടൂര്‍-കോളജ് റോഡ് ജംഗ്ഷന് അമ്മന്നൂര്‍ മാധവചാക്യാര്‍ സ്ക്വയര്‍ എന്നുമാണു നാമകരണം ചെയ്തത്. നമകരണ ചടങ്ങ് നടത്തിയതല്ലാതെ ഇവരുടെ സ്മരണ നിലനിര്‍ത്തുന്നതിനു യാതൊരു വിധ ഇടപെടലും പിന്നീട് ഉണ്ടായില്ല. ഫലകം സ്ഥാപിച്ചതല്ലാതെ ഉചിതമായ സ്മാരകമോ, എക്കാലവും സ്മരിക്കും വിധത്തിലുള്ള മറ്റു നടപടികളോ സ്വീകരിക്കാന്‍ മുനിസിപ്പല്‍ ഭരണാധികാരികള്‍ ശ്രമിക്കാതിരുന്നത് ഈ മഹാരഥന്മാരെ അവഗണിക്കുന്നതിനു തുല്യമാണെന്നു വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫലകങ്ങള്‍ സ്ഥാപിച്ച് മാസങ്ങള്‍ക്കു ശേഷം അമ്മന്നൂര്‍ സ്ക്വയറിലെ ഫലകം ലോറിയിടിച്ച് സമീപത്തെ കാനയിലേക്കു മറിഞ്ഞ് ദിവസത്തോളം കിടന്നിരുന്നു. പിന്നീട് നാട്ടുക്കാരില്‍ പ്രതിഷേധം ഉടലെടുത്തതിനെ തുടര്‍ന്നാണ് ഫലകം പുനസ്ഥാപിച്ചത്. വേണ്ടത്ര ശ്രദ്ധ ഇല്ലാത്തതിനാല്‍ ഈ ഫലകങ്ങള്‍ പോലും നാശത്തിന്റെ വക്കിലാണ്. പലപ്പോഴും കാടുകയറി മൂടികിടക്കുന്നതോടെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും സംഭവിക്കാറുണ്ട്.