നവജാതശിശു പരിപാലന ദേശീയ സമ്മേളനം നിപ്മറില്‍ തുടങ്ങി
ഇരിങ്ങാലക്കുട: ആരോഗ്യ രംഗത്തെ പ്രഫഷനല്‍സിനായി നിപ്മറും നിയോനാറ്റല്‍ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവജാതശിശു പരിപാലന ദേശീയ സമ്മേളനം നിപ്മറില്‍ തുടങ്ങി. ഓണ്‍ലൈനില്‍ നടന്ന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സര്‍വകലാശാല വൈസ് ചെയര്മാന് ഡോ. മോഹനന് കുന്നുമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. സയന്റിഫിക് സെഷനില്‍ ‘നവജാത ശിശു പരിപാലനത്തിലെ സമഗ്ര പരിപാലനം’ എന്ന വിഷയത്തില്‍ ഹരിയാന പരാസ് ആശുപത്രി ഡയറക്ടര്‍ ഡോ. അമൃത സെന്‍ഗുപ്ത പ്രഭാഷണം നടത്തി. ‘നവജാത ശിശു പരിപാലനം സമഗ്ര വിലയിരുത്തല്‍’ എന്ന വിഷയത്തില്‍ പൂനെ കെം ആശുപത്രി അസിസ്റ്റന്റ് പ്രഫ. ഡോ. ഹൈമന്ത് നന്ദ്ഗാഓങ്കറും ‘നവജാത ശിശു നഴ്സിംഗ് പരിചരണം’ എന്ന വിഷയത്തില്‍ വെല്ലൂര്‍ സിഎംസിഎച്ചിലെ മോറിസ് ശങ്കനും ശാസ്ത്രീയ പ്രഭാഷണം നടത്തി. അമേരിക്കയിലെ വെയ്ന്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫ. ഡോ. പ്രീതി സാമുവല്‍ സയന്റിഫിക് പേപ്പര്‍ പ്രസന്റേഷന് നടത്തി. രണ്ടാം ദിനമായ ഇന്ന് ബെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് ഓഫ് എന്‍ഐസിയു കെയര്‍ എന്ന വിഷയത്തില്‍ അമേരിക്കയിലെ മിഷിഗന്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ സീനിയര്‍ ഒക്യൂപേഷനല്‍ തെറാപ്പിസ്റ്റ് ബേത് ആംഗ്സ്റ്റ് പ്രസംഗിക്കും. തുടര്‍ന്ന് ഡോ. എലിസബത്ത് (മൂകാംബിക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, തമിഴ്നാട്), ഡോ. പാര്‍വതി മോഹന്‍ (അമല, തൃശൂര്‍), ഡോ. ജെ. മീനാക്ഷി (നിഷ്ട ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്മെന്റ് സെന്റര്‍, ചെന്നൈ), ഡോ. ഫെബി ഫ്രാന്‍സിസ് (തൃശൂര്‍ മെഡിക്കല്‍ കോളജ്), ഡോ. സനിത സത്യന് (വെട്ടം ഐ ആശുപത്രി, കൊച്ചി), വൈശാലി പ്രഭു (ചെന്നൈ) എന്നിവര്‍ സയന്റിഫിക് പേപ്പര്‍ പ്രസന്റേഷന് സംബന്ധിച്ച ചര്‍ച്ച നടത്തും. ഉച്ചയ്ക്കു ശേഷം ന്യൂറോ ഡെവലപ്മെന്റല്‍ കെയര്‍ പോസ്റ്റ് എന്‍ഐസിയു ആന്‍ഡ് ഏളീ സ്റ്റിമുലേഷന്‍ എന്ന വിഷയത്തില്‍ പ്രഫ. ഡോ. എം.കെ.സി. നായരും ഹൈപ്പര്‍ ബെയറിക് ഓക്സിജന്‍ തെറാപ്പിയില്‍ അമൃതയിലെ ഡോ. രവിശങ്കരനും പ്രബന്ധാവതരണം നടത്തും.