കോവിഡ് ബാധിതര്‍ക്കുള്ള ആംബുലന്‍സ് കട്ടപ്പുറത്ത്; പ്രതിഷേധം ഉയര്‍ന്നു
ഇരിങ്ങാലക്കുട: നഗരസഭയിലെ കോവിഡ് ബാധിതരെ സഹായിക്കുവാന്‍ വേണ്ടി ഓടിയിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നന്നാക്കാതെ ടൗണ്‍ ഹാള്‍ കോബൗണ്ടില് കയറ്റിയിട്ടു. കഴിഞ്ഞയാഴ്ചയാണ് ഒരു രോഗിയെ കൊണ്ടുവരുവാന്‍ വേണ്ടി പോകുമ്പോള്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. നഗരസഭയുടെ അഭ്യര്‍ത്ഥന മാനിച്ച് മൂന്ന് മാസം മുമ്പ് സ്വകാര്യ ധനസ്ഥാപനമാണ് നഗരസഭക്ക് രണ്ട് ആംബുലന്‍സുകള്‍ നല്‍കിയത്. ഇതിന്റെ ദൈനംദിന ചിലവുകളും അറ്റകുറ്റപണികളും നടത്തേണ്ടത് നഗരസഭയാണ്. ഇപ്പോള്‍ നഗരസഭയിലെ 41 വാര്‍ഡുകളില്‍ 15 എണ്ണം അതിതീവ്ര വാര്‍ഡുകളായി നില്‍ക്കുകയാണ്. പോസറ്റിവും ഹോം ക്വറന്റയിനുമായി 1000 ളം കേസുകള്‍ ഇപ്പോള്‍ നഗരസഭയിലുണ്ട്. ആംബുലന്‍സ് അത്യാവശ്യമായ ഘട്ടമാണിത്. ആംബുലന്‍സ് ബ്രേക്ക് കേടാണെന്ന് ഡ്രൈവര്‍മാര്‍ അധികൃതരെ അറിയിച്ചിരുന്നു. 15000 രുപയുടെ എസ്റ്റിമേറ്റും കൊടുത്തിരുന്നു.
ബ്രേക്ക് കേടുവന്ന വാഹനവുമായി ആംബുലന്‍സ് സര്‍വീസ് നടത്തുകയായിരുന്നു. ഇതിനിടയിലാണ് മെയിന്‍ റോഡില്‍ വച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. യഥാസമയത്ത് വാഹനം നന്നാക്കായിരുന്നെങ്കില് അപകടം ഒഴിവാക്കാമായിരുന്നുവെന്ന് മാത്രമല്ല ആംബുലന്‍സ് നഗരസഭക്ക് ഉപയോഗത്തിലുണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ 41 വാര്ഡിലേയ് ഒരു ആംബുലന്‍സ് മാത്രമാണുള്ളത്. ആംബുലന്‍സ് കിട്ടാതെ നിരവധി ആളുകള്‍ ബുദ്ധിമുട്ടുകയാണ്. പ്രതിക്ഷേധ സൂചകമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ആംബുലന്‍സില്‍ റീത്ത് വെച്ച് പ്രാര്‍ത്ഥന നടത്തി. അവസരത്തിനൊത്ത് ഉയര്‍ന്ന് കഴിവും ശക്തിയും കാണിക്കേണ്ട സഹചര്യത്തില്‍ പണത്തിന്റെ പോരായ്മ പറഞ്ഞിട്ടാണ് വണ്ടി ടൗണ്‍ ഹാളില്‍ കയറ്റിയിട്ടിരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. പ്രതിക്ഷേധ സമരം ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡറും നഗരസഭ കമ്മറ്റി പ്രസിഡന്റുമായ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ സ്മിത കൃഷ്ണകുമാര്‍, വിജയകുമാരി അനിലന്‍, അമ്പിളി ജയന്, ആര്‍ച്ച അനിഷ് കുമാര്‍, സരിത സുഭാഷ്, മായ അജയന് എന്നിവര്‍ പ്രസംഗിച്ചു.
നടപടി സ്വീകരിക്കും-സോണിയ ഗിരി (ചെയര്‍പേഴ്സണ്‍)
ഇരിങ്ങാലക്കുട: അപകടവുമായി ബന്ധപ്പെട്ട് ഉണ്ടായ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ വാഹനം പൊതുജനങ്ങളുടെ സേവനത്തിന് ലഭ്യമാക്കും. മാത്രവുമല്ല, അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുതിയ ആംബുലന്‍സ് നഗരസഭക്ക് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.