ഉയരവ്യത്യാസം വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു
പടിയൂര്‍: മെക്കാഡം ടാറിംഗ് കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും റോഡരികിലെ ഉയരവ്യത്യാസം മണ്ണിട്ട് നികത്താത്തത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. വെള്ളാങ്കല്ലൂര്‍- മതിലകം റോഡിന്റെ അരികുകളിലാണ് ഈ അവസ്ഥ. റോഡിന്റെ ലെവലിംഗ് കഴിഞ്ഞ് മെക്കാഡം ടാറിടല്‍ പൂര്‍ത്തിയായതോടെ പലയിടത്തും റോഡും അരികും തമ്മില്‍ ഒന്നുമുതല്‍ രണ്ടടിയിലേറെയാണ് ഉയരവ്യത്യാസം വന്നിരിക്കുന്നത്. വെള്ളാങ്കല്ലൂര്‍ സെന്ററില്‍ നിന്നു മതിലകം റോഡ് തുടങ്ങുന്ന ഭാഗത്തും പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളുടെ പലഭാഗങ്ങളിലും ഇത്തരത്തില്‍ ഉയരവ്യത്യാസമുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഇതുവരേയും അരികില്‍ മണ്ണിട്ട് ഉയരവ്യത്യാസം ഇല്ലാതാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായിട്ടില്ല. പലയിടത്തും അരികുകള്‍ കാടുകയറിയ നിലയിലാണ്. ഇതു കാണാതെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണെന്നു നാട്ടുകാര്‍ പറയുന്നു. അതോടൊപ്പം വശങ്ങളിലുള്ള കാനകള്‍ ഉയര്‍ത്തി സ്ലാബിടാനും അധികൃതര്‍ തയാറാകണമെന്നാണു നാട്ടുകാരുടെ ആവശ്യം. ആലുവ എന്‍എച്ച് ഡിവിഷന്റെ കീഴില്‍ ചാലക്കുടി-മതിലകം ആറാട്ടുകടവ് ഹൈവേയില്‍ ഉള്‍പ്പെടുത്തിയാണ് വെള്ളാങ്കല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവുവരെ വീതികൂട്ടി മെക്കാഡം ടാറിടല്‍ നടത്തിയത്. അതേസമയം മെക്കാഡം ടാറിടല്‍ പൂര്‍ത്തിയാക്കിയെങ്കിലും ശരിയായ രീതിയിലാണോ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്നു പൊതുമരാമത്ത് വകുപ്പ് ഉറപ്പുവരുത്തണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.