കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും റെക്കോര്‍ഡ് വില്‍പ്പനയും ലാഭവും കെഎസ്ഇ കമ്പനി നേടി
ഇരിങ്ങാലക്കുട: കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും റെക്കോര്‍ഡ് വില്‍പ്പനയും ലാഭവും കെഎസ്ഇ കമ്പനിക്കു നേടാനായെന്നു മാനേജിംഗ് ഡയറക്ടര്‍ അഡ്വ. എ.പി. ജോര്‍ജ്, എക്സിക്യുട്ടീവ് ഡയറക്ടര്‍ എം.പി. ജാക്സണ്, ജനറല്‍ മാനേജര്‍ എം. അനില്‍, ഫിനാന്‍സ് മാനേജര്‍ ആര്. ശങ്കരനാരായണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ കാലയളവില്‍ കമ്പനിയുടെ വിറ്റുവരവ് 1428 കോടിയില്‍ നിന്നും 1543 കോടിയായി ഉയര്‍ന്നു. കാലിത്തീറ്റ ഉല്‍പ്പാദനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 5.5 ലക്ഷം ടണ്ണില്‍ നിന്ന് 5.9 ലക്ഷം ടണ്ണാക്കി ഉയര്‍ത്തി. കാലിത്തീറ്റ നിര്‍മാണ മേഖലയില്‍ മികവു തെളിയിച്ച കെഎസ്ഇ കമ്പനിക്കു കേരളത്തിലും തമിഴ്നാട്ടിലുമായി നിലവില്‍ 12 യൂണിറ്റുകളുണ്ട്. 13-ാമത് കാലിത്തീറ്റ നിര്‍മാണ യൂണിറ്റിനായി കഴിഞ്ഞ സെപ്റ്റംബര്‍ 16 നു പാലക്കാട് ചെമ്മനാംപതിയില് 500 ടണ്‍ പ്ലാന്റിനായി തറക്കല്ലിട്ടു. ഗുണമേന്മയുള്ള കോഴിത്തീറ്റ ദൗര്‍ലഭ്യം പരിഗണിച്ച് കേരളത്തിലെ കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ക്കായി മിതമായ വിലയില്‍ ഗുണമേന്മയുള്ള മുട്ടകോഴിത്തീറ്റ കമ്പനി പുറത്തിറക്കും. അസംസ്കൃത വസ്തുക്കളുടെ സംഭരണ ആവശ്യങ്ങള്‍ക്കായി ഇരിങ്ങാലക്കുടയില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഗോഡൗണിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കുകയും കാലിത്തീറ്റ സംഭരണത്തിനായി കോഴിക്കോട് ഫറൂക്കില്‍ 10,000 ചതുരശ്ര അടിയിലുള്ള ഗോഡൗണ്‍ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ഓയില്‍ കേക്കിന്റെ സംസ്കരണം പരമോച്ചാവസ്ഥയില്‍ എത്തിച്ച് ഓയില്‍ കേക്ക് സംസ്കരണ യൂണിറ്റിന്റെ ലാഭം പത്തിരട്ടിയിലധികമാക്കാന് സാധിച്ചു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേങ്ങാപിണ്ണാക്ക് സംസ്കരണത്തിനുള്ള സോള്‍വെന്റ് എക്സ്ട്രാക്ഷന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ 2020-21 വര്‍ഷത്തെ അവാര്‍ഡ് തുടര്‍ച്ചയായി 31-ാം വര്‍ഷമാണ് കെഎസ്ഇ ലിമിറ്റഡിനു ലഭിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 1000 ശതമാനം ഡിവിഡന്റ് ഓഹരി ഉടമകള്‍ക്കു നല്‍കുന്നുണ്ട്.
കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍
- കേരളത്തിലെ 85 ഓളം പാവപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് 19 ലക്ഷം രൂപ മുടക്കില്‍ കാലിത്തൊഴുത്ത് പുനരുദ്ധാരണം.
- കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ക്ക് 16.5 ലക്ഷം രൂപയുടെ പിപിഇ കിറ്റുകള്‍, ഭക്ഷണം, ലഘുലേഖകള്‍.
- പൊറത്തിശേരിയിലുള്ള അഭയ ഭവനിലെ അന്തേവാസികള്‍ക്കായി ഒമ്പതു ലക്ഷത്തോളം വിലവരുന്ന ഒരു ആംബുലന്‍സ്.
- ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്കു ഡയാലിസിസിനു ആവശ്യമായ 26 ലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ നല്കി.
- ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിലേക്കു ഗവേഷണ ലബോറട്ടറി സ്ഥാപിക്കുന്നതിനായി എട്ടുലക്ഷം രൂപയുടെ സാമ്പത്തിക സഹായം.
- പ്രളയദുരിതബാധിതര്‍ക്ക് ഭവനപുനരുദ്ധാരണത്തിലേക്കായി സാമ്പത്തിക സഹായം.
- കിഡ്നി സംബന്ധമായ രോഗങ്ങളാല്‍ ഉഴലുന്നവര്‍ക്ക് മരുന്ന് വിതരണം.
- ഹൃദയ പാലിയേറ്റീവ് കെയറിന് അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഉപകരിക്കും വിധം വിവിധ ഉപകരണങ്ങള്‍ ലഭ്യമാക്കി.
- കോവിഡുമായി ബന്ധപ്പെടുത്തി തമിഴ്നാട്ടിലെ വിവിധ ദുരിതബാധിതര്‍ക്ക് ഭക്ഷണസാധനങ്ങളുടെ വിതരണം സംഘടിപ്പിച്ചു.