പട്ടികജാതി കോളനിയുടെ വികസനത്തിനായി മോണിറ്ററിംഗ് കമ്മിറ്റി യോഗം
മുരിയാട്: ഗ്രാമപഞ്ചായത്തിലെ വെള്ളിലംകുന്ന് പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിനായി അനുവദിച്ചിരുന്ന ഒരു കോടി രൂപയുടെ പ്രവര്‍ത്തികള്‍ അവലോകനം ചെയ്യുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്നു. കോളനിയില്‍ ഇനിയും പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തികളുടെ വിവരം പട്ടികജാതി വികസന ഓഫീസര്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. നിലവില്‍ കോളനിയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ മൂല്യനിര്‍ണയം പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ നടത്തണമെന്നു യോഗത്തില്‍ തീരുമാനിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, മുരിയാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ശ്രീജിത്ത് പട്ടത്ത്, വൃന്ദകുമാരി, പട്ടികജാതി വികസന ഓഫീസര്‍ സുകന്യ, എസ്സി പ്രൊമോട്ടര്‍, കോളനിയിലെ ഗുണഭോക്തൃ സമിതി അംഗങ്ങള്‍, എഫ്ഐടി ഏജന്‍സി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.