കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കുറ്റവാളികൾ സർക്കാർ തണലിൽ-തോമസ് ഉണ്ണിയാടൻ
കരുവന്നൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കുറ്റവാളികൾക്കു സർക്കാർ സംരക്ഷണവും തണലും നൽകുകയാണെന്നു കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സർക്കാർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തട്ടിപ്പിൽ കുറ്റക്കാരായ മുഴുവൻ പേരെയും പ്രതികളാക്കുന്നതിനോ പ്രതികളാക്കിയവരെ അറസ്റ്റു ചെയ്യുന്നതിനോ ഇതുവരെയും പോലീസിനു സാധിച്ചിട്ടില്ല. ബാങ്കിലെ നിക്ഷേപകർ ഉത്കണ്ഠയിലും തട്ടിപ്പു നടത്തിയവർ സന്തോഷത്തിലുമാണെന്ന വിരോധാഭാസമാണു നിലവിലുള്ളത്. നിക്ഷേപകർക്കു പണം ലഭ്യമാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്, സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ്, നഗരസഭ വൈസ് ചെയർമാൻ പി.ടി. ജോർജ്, കൗൺസിലർ ഫെനി എബിൻ, സംസ്ഥാന സമിതിയംഗം സിജോയ് തോമസ്, സേതുമാധവൻ, പി.എൽ. ജോർജ്, എൻ.ഡി. പോൾ, വിനോജ് പല്ലിശേരി, തുഷാര, അജിത എന്നിവർ പ്രസംഗിച്ചു.