മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി
മൂന്നു എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍….
കൗണ്‍സിലര്‍മാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം എല്‍ഡിഎഫ് നേതാക്കള്‍ തടഞ്ഞതോടെ പോലീസ് പിന്മാറി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വഴി സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ അപാകതയുണ്ടെന്നു കാണിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര കൗണ്‍സില്‍ യോഗത്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ആമുഖപ്രസംഗം നടത്തിയ ശേഷം യുഡിഎഫ് അംഗം ടി.വി. ചാര്‍ളിയെ വിഷയം അവതരിപ്പിക്കാന്‍ ക്ഷണിക്കുകയായിരുന്നു. ടി.വി. ചാര്‍ളി പ്രസംഗിക്കുന്നതിനിടയില്‍ അജണ്ടയിലില്ലാത്ത വിഷയമാണ് അവതരിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയ, എല്‍ഡിഎഫ് അംഗം സി.സി. ഷിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. എല്‍ഡിഎഫ് അംഗങ്ങള്‍ അഡ്വ. കെ.ആര്. വിജയയുടെ നേതൃത്വത്തില്‍ കനത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ ടി.വി. ചാര്‍ളിക്കു പിന്തുണയുമായി യുഡിഎഫ് അംഗങ്ങളും രംഗത്തു വരുകയും ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും, തുടര്‍ന്ന് സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. ഈ സമയം കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തടയുന്നതിനു നഗരസഭ ആവശ്യപ്പെട്ട പ്രകാരം നിയോഗിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണു സ്ഥലത്തുണ്ടായിരുന്നത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതായതോടെ സിഐ എസ്.പി. സുധീരന്, എസ്ഐമാരായ ജിഷില്‍, ഷറഫുദ്ദീന് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ പലഘട്ടങ്ങളിലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയെങ്കിലും പോലീസിന്റെയും മുതിര്‍ന്ന അംഗങ്ങളുടെയും സമയോചിതമായ ഇടപെടല്‍ മൂലം അംഗങ്ങളെ ഇരിപ്പിടങ്ങളിലേക്കു മടക്കി കൊണ്ടുവരുവാന്‍ കഴിഞ്ഞിരുന്നു. 40 മിനിറ്റോളം നീണ്ട സംഘര്‍ഷത്തിന്റെ പലഘട്ടങ്ങളിലും ചെയര്‍പേഴ്സണ്‍ സോണിയഗിരിയും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. കെ.ആര്. വിജയയും നേര്‍ക്കുനേര്‍ വാഗ്വാദത്തിലേര്‍പ്പെട്ടു. ഇതിനിടയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോകുകയാണെന്നറിയിച്ച് കൗണ്‍സില്‍ ഹാള്‍ വിട്ടു പുറത്തിറങ്ങി. പുറത്തിറങ്ങിയ എല്‍ഡിഎഫ് അംഗങ്ങള്‍ ചെയര്‍പേഴ്സന്റെ ചേംബറിനു മുമ്പില്‍ പ്രതിഷേധം തുടര്‍ന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കൃത്യമായി സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ വിതരണം ചെയ്യാത്ത സാഹചര്യത്തില്‍ പൊറത്തിശേരി മേഖലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനു മറ്റു ബാങ്കുകളെ ഏല്‍പ്പിക്കണമെന്നു യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പൊറത്തിശേരി മേഖലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനു ബദല്‍ മാര്‍ഗം ഏര്‍പ്പെടുത്തണമെന്നു ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊറത്തിശേരി മേഖലയില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് ഉചിതമായ മറ്റ് ബാങ്കുകളെ ചുമതലപ്പെടുത്തണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ചെയര്‍പേഴ്സന്റെ ചേംബറിനു മുന്നില്‍ സംഘര്‍ഷം
കൗണ്‍സില്‍ യോഗം പിരിഞ്ഞതിനെ തുടര്‍ന്ന് ചെയര്‍പേഴ്സന്റെ ചേംബറിലേക്കെത്തിയ ചെയര്‍പേഴ്സണ്‍ സോണിയഗിരിയെ ചേംബറിനു മുമ്പില്‍ പ്രതിഷേധിച്ചിരുന്ന എല്‍ഡിഎഫ് അംഗങ്ങള്‍ തടഞ്ഞതു വീണ്ടും സംഘര്‍ഷത്തിനു വഴിവച്ചു. എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ പോലീസ് ഇരു വിഭാഗത്തെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിജയം കണ്ടില്ല. ഇതിനെ തുടര്‍ന്ന് പ്രതിഷേധിച്ചിരുന്ന എല്‍ഡിഎഫ് അംഗങ്ങളെ അറസ്റ്റ് ചെയ്തു നീക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു. എല്‍ഡിഎഫ് അംഗം സി.സി. ഷിബിനെ ബലം പ്രയോഗിച്ച് പോലീസ് ജീപ്പിലേക്കെത്തിക്കാന് ശ്രമിക്കുന്നതിനിടയില്‍ സി.സി. ഷിബിന്‍ കുഴഞ്ഞുവീണു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്ന സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി തുടങ്ങിയ നേതാക്കള്‍ പോലീസ് നടപടിക്കെതിരെ രംഗത്തു വന്നതോടെ പോലീസ് അറസ്റ്റു ചെയ്തു നീക്കാനുള്ള നടപടിയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.
പരിക്കേറ്റ കൗണ്‍സിലര്‍മാര്‍ ആശുപത്രിയില്‍, എല്‍ഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി
കൗണ്‍സിലിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് കൗണ്‍സിലര്‍മാരായ സി.സി. ഷിബിന്‍, ടി.കെ. ജയാനന്ദന്, നസീമ കുഞ്ഞുമോന് എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇവരെ സന്ദര്‍ശിച്ചു. ജനാധിപത്യപരമായ മര്യാദ ഇരിങ്ങാലക്കുട നഗരസഭയില്‍ പാലിക്കപ്പെട്ടില്ലെന്ന് എം.എം. വര്‍ഗീസ് പറഞ്ഞു. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കു പരിക്കേറ്റ സംഭവത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
സാമൂഹ്യ പ്രതിബദ്ധതയില്ലാത്തതു കൊണ്ടാണ് കരുവന്നൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തത്- സോണിയഗിരി (ചെയര്‍പേഴ്സണ്‍)
സാമൂഹ്യ പ്രതിബദ്ധതയില്ലാത്തതു കൊണ്ടാണ് എല്‍ഡിഎഫ് കരുവന്നൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതെന്നു മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി ആരോപിച്ചു. ലക്ഷങ്ങള്‍ നിക്ഷപിച്ചവര്ക്കു പോലും പണം മടക്കി നല്കാന് കഴിയാത്ത സാഹചര്യത്തിലാണ് ബാങ്ക് പോയ്കൊണ്ടിരിക്കുന്നത്. പൊറത്തിശേരി മേഖലയില്‍ മാത്രം നാലായിരത്തോളം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളാണു വിതരണം ചെയ്യേണ്ടത്. ഇതില്‍ വന്ന അപാകതയാണ് ചുണ്ടിക്കാണിച്ചതെന്നും സോണിയഗിരി പറഞ്ഞു.