തുടർച്ചയായി പെയ്യുന്ന കനത്ത മഴയില്‍ ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും വൻ നാശനഷ്ടം
കരുവന്നൂരില്‍ 20 ഏക്കറിലേറെ വാഴകൃഷി മുങ്ങി
കരുവന്നൂര്‍: കനത്ത മഴയില്‍ പാടത്തും പറമ്പിലും വെള്ളം കയറുമ്പോള്‍ അതില്‍ നട്ടിരിക്കുന്ന മുങ്ങിപ്പോകാത്ത വാഴകള്‍ പരമാവധി പറിച്ചെടുത്തു വഞ്ചിയില്‍ വീട്ടിലേക്കു മാറ്റാനുള്ള തിരക്കിലാണു കരുവന്നൂരിലെ കര്‍ഷകര്‍. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ കരുവന്നൂര്‍ പ്രിയദര്‍ശിനി ഹാളിനു പുറകിലുള്ള കിഴക്കേ പുഞ്ചപ്പാടത്താണു ഒരുമാസം പ്രായമായ വാഴകള്‍ വെള്ളത്തില്‍ മുങ്ങിപ്പോയത്. 20 ഏക്കറോളം വരുന്ന സ്ഥലത്തു പത്തോളം കര്‍ഷകരാണു വാഴ വെച്ചിരിക്കുന്നത്. ഒരാള്‍ 2000 നും 2500 നും ഇടയിലായി വാഴകള്‍ നട്ടിട്ടുണ്ടെന്നു കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ റോഡിനോടു ചേര്‍ന്നുള്ള കുറച്ചുഭാഗത്തെ വാഴകളൊഴികെ എല്ലാം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ മുങ്ങി. മഴ തുടര്‍ന്നതോടെ ശേഷിക്കുന്ന വാഴകള്‍ കര്‍ഷകര്‍ പറിച്ചെടുത്തു മാറ്റി.
25 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിലായി
കോണത്തുകുന്ന്: വെള്ളാങ്കല്ലൂര്‍ കൃഷിഭവനു കീഴിലുള്ള കാരുമാത്ര പാലക്കാട്ട് പാടശേഖരത്തില്‍ 25 ഏക്കര്‍ നെല്‍കൃഷി വെള്ളത്തിലായി. പൊന്മണി, ശ്രേയസ് വിത്തിനങ്ങളാണു 15 ദിവസങ്ങള്‍ക്കു മുമ്പു കൃഷിയിറക്കിയതെന്നും മഴ തുടര്‍ന്നാല്‍ കൃഷിക്കാര്‍ക്കു വലിയ നഷ്ടം ഉണ്ടാകുമെന്നും പാടശേഖര സമിതി സെക്രട്ടറി രമേശ് മാടത്തിങ്കല്‍, പ്രസിഡന്റ് തെര്ക്കയില് മനോഹരന് എന്നിവര്‍ പറഞ്ഞു.
ഷണ്മുഖം കനാലിന്റെ ഒരു ഭാഗം ഇടിഞ്ഞു
ഇരിങ്ങാലക്കുട: ഗേള്‍സ് സ്കൂളിനു തെക്കു ഷണ്മുഖം കനാല്‍പാലം ഭാഗം തെക്കേ ബണ്ട് പടിഞ്ഞാറുഭാഗം ശക്തമായ മഴയില്‍ കനാലിലേക്കു ഇടിഞ്ഞു. 30 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞിട്ടുള്ളത്. ഇടിഞ്ഞ ബണ്ടിനു സമീപത്തുള്ള രണ്ടു വീടുകള്‍ അപകട ഭീഷണിയിലാണ്. കൊരട്ടിക്കാരന്‍ ജോണിയുടെ മകന് ബൈജുവിന്റെയും പൊയ്യത്തറ വര്‍ഗീസിന്റെ ഭാര്യ കൊച്ചുത്രേസ്യയുടെയും വീടുകളാണ് അപകട ഭീഷണിയിലായിട്ടുള്ളത്. കൊച്ചുത്രേസ്യയുടെ ആറംഗ കുടുംബം അയല്‍വീട്ടിലേക്കു താമസം മാറി. ബൈജുവിന്റെ കുടുംബത്തോടു ക്യാമ്പിലേക്കു മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കനത്തമഴയില്‍ പെരുവല്ലിപ്പാടം പ്രദേശം വെള്ളക്കെട്ടിലാണ്. വീടുകളിലേക്കു വെള്ളം കയറിയിട്ടുണ്ട്. പ്രദേശത്തെ വീടുകളിലുള്ളവരോടു ക്യാമ്പിലേക്കു മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ ക്യാമ്പ് സജ്ജമാക്കി.
വൈദ്യുതകമ്പി പൊട്ടിവീണു ഷോക്കേറ്റു പശു ചത്തു
കോണത്തുകുന്ന്: കൊടക്കാപ്പറമ്പ് അമ്പലത്തിനു കിഴക്കു വൈദ്യുതകമ്പി പൊട്ടിവീണതിനെ തുടര്‍ന്നു പശു ഷോക്കേറ്റു ചത്തു. വാത്യാട്ട് സുധാകരന്റെ നാലു വയസുള്ള കറവപ്പശുവാണു ചത്തത്. രാവിലെ സുധാകരനും മകനും പശുവിനെ പറമ്പില്‍ കെട്ടിയിടാന്‍ കൊണ്ടുപോകുമ്പോള്‍ മുന്നില്‍ പോയിരുന്ന പശുവിനു ഷോക്കേല്‍ക്കുകയായിരുന്നു. പശുവിന്റെ മരണവെപ്രാളം കണ്ടു സുധാകരനും മകനും പശുവിനടുത്തേക്കു ഓടിയെത്തിയപ്പോള്‍ കമ്പി പൊട്ടിക്കിടക്കുന്നതു കണ്ടു പിന്‍വാങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കനത്തമഴ, മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍
കരൂപ്പടന്ന: മഴ കനത്തതോടെ മുസഫരിക്കുന്ന് വടക്കുവശത്തെ പല പ്രദേശങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലായി. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വേലപറമ്പില്‍ ശ്രീനിവാസന്റെ 30 മീറ്ററോളം വരുന്ന കോണ്‍ക്രീറ്റ് മതില് ഇടിഞ്ഞുവീണു. മണ്ണിടിച്ചില്‍ ഭീഷണിയെത്തുടര്‍ന്നു തെരുവില്‍ ഐഷാബിയും കുടുംബവും വില്ലേജ് അധികൃതരുടെ നിര്‍ദേശപ്രകാരം ബന്ധുവീട്ടിലേക്കു മാറി. അറയ്ക്കല്‍ ലൈലയുടെ പുരയിടത്തിലെ ഉയര്‍ന്ന ഭാഗം ഇടിഞ്ഞു. ഇടിഞ്ഞ പുരയിടത്തിനു താഴെയുള്ള മുടവന്കാട്ടില് അന്‍വര്‍, പുതുവീട്ടില്‍ ഷമീര്‍ എന്നിവരുടെ വീടുകള്‍ അപകട ഭീഷണിയിലാണ്. കുത്തനെയുള്ള ചരിവുകളില്‍ക്കൂടി ശക്തിയായി വെള്ളം ഒലിച്ചുവരുന്ന സ്ഥിതിയാണ്. ഉയര്‍ന്ന പ്രദേശത്തിനു താഴെ കഴിയുന്നവര്‍ ഭീഷണിയിലാണ്. സംഭവസ്ഥലം തെക്കുംകര വില്ലേജ് ഓഫീസര്‍ സി.ആര്. ജോയ്സണ്‍, വള്ളിവട്ടം വില്ലേജ് ഓഫീസര്‍ പി.എച്ച്. ഹാന്‍സ, വാര്‍ഡ് മെമ്പര്‍ കെ.എ. സദക്കത്തുള്ള എന്നിവര്‍ സന്ദര്‍ശിച്ചു. വിശദമായ റിപ്പോര്‍ട്ടു തയാറാക്കി താലൂക്കിലേക്കു സമര്‍പ്പിക്കുമെന്നു വില്ലേജ് ഓഫീസര്‍മാര്‍ പറഞ്ഞു.
നാട് വെള്ളക്കെട്ടില്‍, വ്യാപക കൃഷിനാശം
ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്തിലെ പൊട്ടുച്ചിറ പാടശേഖരത്തിലെ 35 ഏക്കറിലും ഊരോത്ത് പാടത്തെ 15 ഏക്കറിലും വെളളം കയറി. നടീലിനു തയാറായ ഞാറാണു നശിച്ചത്. വേളൂക്കര പഞ്ചായത്തിലെ വട്ടത്തിച്ചിറ, പൊയ്യച്ചിറ പാടശേഖരങ്ങളിലും വെളളം കയറി. മുരിയാട് കായലിലെ മാടായിക്കോണം തെക്കേ കോള്‍ പാടശേഖരത്തിലെ 350 ഏക്കറോളം വരുന്ന പടവുകളിലെ മിക്കയിടത്തും വെള്ളം കയറി. ദിവസങ്ങളോളം മോട്ടര്‍ അടിച്ചു വെള്ളം കളഞ്ഞു നിലം ഒരുക്കിയാണ് ഇവിടെ വിത്തിട്ടത്. ഇനി 20 ദിവസമെങ്കിലും മോട്ടര്‍ അടിച്ചാല്‍ മാത്രമേ വെള്ളം വറ്റിക്കാന്‍ കഴിയൂ എന്നു കര്‍ഷകര്‍ പറഞ്ഞു. മഴയില്‍ കാക്കാത്തുരുത്തി ചെട്ടിയാല്‍ ഭാഗത്തെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ വെള്ളം കയറി ഞാറു നശിച്ച പാടശേഖരങ്ങളിലും വെള്ളം കൂടി. കെഎല്‍ഡിസി കനാലിന്റെ ആഴം വര്‍ധിപ്പിച്ചതിനാല്‍ വെളളം കര കവിഞ്ഞിട്ടില്ലെങ്കിലും ജലനിരപ്പ് ഉയര്‍ന്നു. പോത്താനി കിഴക്കു ഭാഗത്തു പാടശേഖരങ്ങളില്‍ കൃഷി നശിച്ചു. ഇരിങ്ങാലക്കുട നഗരസഭ കുട്ടാടം പാടത്തു കൃഷി മുങ്ങി. നഗരസഭയില്‍ പേഷ്ക്കാര്‍ റോഡിലും വെള്ളം കയറി. കാട്ടൂര്‍ പഞ്ചായത്തില്‍ തേക്കുമൂല ചോളയ്ക്കല്‍ തോടിനു കിഴക്കുപടിഞ്ഞാറു ഭാഗത്തു ഞാറു നട്ടതു വെള്ളത്തില്‍ മുങ്ങി. മഴ തുടരുന്നതിനാല്‍ മോട്ടര്‍ പന്വുസെറ്റ് ഉപയോഗിച്ചു വെള്ളം അടിച്ചു വറ്റിക്കാന്‍ കഴിയാത്ത അവസ്ഥയിലാണു കര്‍ഷകര്‍.
ബണ്ട് പൊട്ടല്‍ ഭീഷണി: സന്ദര്‍ശനം നടത്തി കര്‍ഷകസംഘം ജില്ലാ സെക്രട്ടറി
കാട്ടൂര്‍: ബണ്ട് പൊട്ടല്‍ ഭീഷണി നേരിടുന്ന കാട്ടൂര്‍ തെക്കുംപാടം പാടശേഖരം കേരള കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി.കെ. ഡേവിസ് മാസ്റ്ററുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. താത്ക്കാലിക പരിഹാര പ്രവര്‍ത്തനങ്ങള്‍ നടത്തി പാടശേഖരത്തെയും സമീപപ്രദേശത്തെ ജനങ്ങളെയും പ്രളയ ഭീഷണിയില്‍ നിന്നു സംരക്ഷിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണന്, പ്രസിഡന്റ് ടി.എസ്. സജീവന് മാസ്റ്റര്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രന്, കര്‍ഷകസംഘം പഞ്ചായത്ത് സെക്രട്ടറി മനോജ് വലിയപറമ്പില്‍, പാടശേഖര കമ്മിറ്റി ഭാരവാഹികളായ ശങ്കരന് കാളിപറമ്പില്‍, കണ്ണന് മുളങ്ങര, സുരേഷ്, സനു, മനവലശേരി പാടശേഖരം സെക്രട്ടറി ജോയ് എന്നിവരും കൂടെയുണ്ടായിരുന്നു.