മഴക്കെടുതി; ഇരിങ്ങാലക്കുട മണ്ഡത്തില്‍ 46 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍
കാറളം പഞ്ചായത്തില്‍ കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്ടം
ഇരിങ്ങാലക്കുട: മഴക്കെടുതിയെ തുടര്‍ന്ന് ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 46 പേര് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍. കാട്ടൂര്‍ പഞ്ചായത്തില്‍ ഏഴു കുടുംബങ്ങളില്‍ നിന്നായി നിന്നായി 19 പേര് കരാഞ്ചിറ സെന്റ് സേവിയേഴ്സ് സ്കൂളിലെ ക്യാമ്പിലും കാറളം പഞ്ചായത്തില്‍ അഞ്ചു കുടുംബങ്ങളില്‍ നിന്നായി 22 പേര് എല്‍പി സ്കൂളിലും നഗരസഭ പരിധിയില്‍ രണ്ടു കുടുംബങ്ങളില്‍ നിന്നായി അഞ്ചു പേര് നമ്പര്‍ 137 അങ്കണവാടിയിലും കഴിയുന്നുണ്ട്. പടിയൂര്‍ പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടു തുടരുകയാണ്. ക്യാമ്പ് ആരംഭിച്ചിട്ടില്ലെങ്കിലും പലരും ബന്ധുവീടുകളിലേക്കു മാറിയതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. കനത്ത മഴയിലും ഡാമുകളില്‍ നിന്നുള്ള അധിക ജലത്തെ തുടര്‍ന്നും കാറളം പഞ്ചായത്തിലെ കര്‍ഷകര്‍ക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി സഹകരണ സംഘത്തിന്റെ കീഴില്‍ മാത്രം കട്ടുംപാട്ടുപാടം, പറൂംപാടം, അമ്മിച്ചാല്‍ എന്നിവടങ്ങളിലായി 150 ഓളം ഏക്കര്‍ കൃഷിയാണു വെള്ളം കയറി നശിച്ചത്. 200 ല്‍ പരം ചെറുകിട കര്‍ഷകര്‍ ഒരു മാസം മുമ്പാണ് ഇവിടെ കൃഷിയിറക്കിയത്. 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. പഞ്ചായത്തില്‍ തന്നെ എളമ്പുഴ, നന്തി, വെള്ളാനി, ചെമ്മണ്ട മേഖലകളിലായി നട്ട 50,000 ത്തോളം വാഴകളും വെളളം കയറി നശിച്ചതായി കര്‍ഷകര്‍ പറയുന്നു. കാറളത്തുള്ള വിഎഫ്പിസികെയില്‍ രജിസ്റ്റര്‍ ചെയ്ത 130 ഓളം കര്‍ഷകര്‍ക്കാണ് ഈയിനത്തിലും ലക്ഷങ്ങളുടെ നഷ്ടം നേരിട്ടിരിക്കുന്നത്. ഇന്‍ഷ്വറന്‍സ് നടപടികള്‍ അധികം പേരും പൂര്‍ത്തീകരിച്ചിട്ടില്ല. ഭൂരിപക്ഷം പടവുകളിലെ മോട്ടോര്‍ സെറ്റുകളിലും വെള്ളം കയറിയ നിലയിലാണെന്നും കര്‍ഷകര്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടു സംഘത്തിന്റെ നേതൃത്വത്തില്‍ അധികൃതര്‍ക്കു നിവേദനം നല്‍കിയിട്ടുണ്ട്.
ചെമ്മണ്ട കായല്‍ പുളിയംപാടം കടുംകൃഷി സഹകരണ സംഘത്തിന്റെ കീഴിലുള്ള കട്ടുംപാട്ടുപാടം പാടശേഖരത്തില്‍ വെള്ളം കയറിയപ്പോള്‍.