തുമ്പൂര്‍-ആനകുത്തി റോഡ്; ഫണ്ട് കിട്ടിയിട്ടും നിര്‍മാണം പൂര്ത്തീകരിക്കാത്തന്തേ…..?
നിര്‍മാണോദ്ഘാടനം നടത്തി ഒരു വര്‍ഷമായിട്ടും ഇഴയുകയാണ് ഈ റോഡിന്റെ പണി
തുമ്പൂര്‍: വേളൂക്കര പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ തൊമ്മാന-തുമ്പൂര്‍ റോഡിലെ ആനകുത്തി മുതല്‍ തുമ്പൂര്‍ വരെയുള്ള ഭാഗം നവീകരണം വൈകുന്നതില്‍ നാട്ടുക്കാരില്‍ പ്രതിഷേധം. രണ്ടു വര്‍ഷം മുമ്പു ഫണ്ട് പാസായിട്ടും ഒരു തരി ടാര്‍ ഇതുവരെയും ഈ റോഡില്‍ വീണിട്ടില്ല. കഴിഞ്ഞ നവംബറില്‍ ഈ റോഡിന്റെ നിര്‍മാണോദ്ഘാടനം നടന്നിരുന്നു. അന്നത്തെ എംഎല്‍എ ആയിരുന്ന പ്രഫ. കെ.യു. അരുണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2019-20 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി 10 ലക്ഷം രൂപയാണ് ഈ റോഡ് മെക്കാഡം ചെയ്യുന്നതിനായി അനുവദിച്ചത്. 2.400 കിലോമീറ്റര്‍ നീളത്തില്‍ 5.50 വീതിയില്‍ ബിഎംബിസി ചെയ്തും വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഐറിഷ് ഡ്രൈനേജ് നിര്‍മിച്ചും റോഡ് സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി നിര്‍മാണം പൂര്‍ത്തീകരിക്കുവാനായിരുന്നു പദ്ധതി. ഈ വര്‍ഷം ആദ്യത്തില്‍ ടാറിംഗിനായി മെറ്റല്‍ അടിച്ചിരുന്നു. പിന്നീട് ഇങ്ങോട്ട് ആരും തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ആരോപണം. ഇതുവഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. പലയിടത്തും ഉയരവ്യത്യാസം മൂലം മഴപെയ്താല്‍ വെള്ളം കെട്ടി നിന്നു കുഴികള്‍ രൂപപ്പെടുന്ന അവസ്ഥയിലാണ്. അവിട്ടത്തൂര്‍ ഭാഗത്തുനിന്നും തുമ്പൂര്‍ ജംഗ്ഷനിലേക്ക് എത്തിച്ചേരുന്നതിനുള്ള എളുപ്പവഴിയാണിത്. കടുപ്പശേരി പള്ളിയിലേക്കുള്ള വിശ്വാസികള്‍ക്കും സ്കൂളിലേക്കുള്ള വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഫണ്ട് അനുവദിച്ചിട്ടും പണിക്കായി ടെന്‍ഡര്‍ ക്ഷണിച്ചുവെങ്കിലും ആരും ഏറ്റെടുക്കുവാന്‍ തയാറായില്ല. റീടെന്‍ഡര്‍ നടത്തിയിട്ടും ഇതു തന്നെയായിരുന്നു അവസ്ഥ. ക്വട്ടേഷനു നടത്തിയെങ്കിലും ആദ്യം ആരും തയാറാകാത്ത അവസ്ഥയായിരുന്നു.
റോഡിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണം- ഷീബ നാരായണന് (വാര്‍ഡ് അംഗം)
റോഡിന്റെ പണി എത്രയും വേഗം പൂര്‍ത്തിയാക്കണം അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങും. പണി ഇഴയുന്നതു മൂലം ജനങ്ങള്‍ക്ക് ഏറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്.
പണി വൈകുവാന്‍ കാരണം മഴയും കോവിഡുമാണ്- കെ.ടി. പീറ്റര്‍ (മുന്‍ പഞ്ചായത്തംഗം)
മഴയും കോവിഡുമാണു റോഡിന്റെ പണി പൂര്‍ത്തിയാക്കാന്‍ വൈകുന്നതിനു കാരണം. റോഡിന്റെ വികസനത്തിനായി പുറംമ്പോക്കുകള്‍ ഇനിയും കണ്ടെത്താനായിട്ടുണ്ട്. പല സ്ഥല ഉടമകളുമായി കേസുകളും നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം റോഡിന്റെ പൂര്‍ത്തീകരണം വൈകുന്നതിന് ഇടയാക്കുന്നുണ്ട്.