അന്ന് പൈപ്പ് ലൈന്‍ സ്ഥാപിക്കാൻ : ഇന്ന് അപകടം ഉണ്ടാകാൻ….!!!
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനു റോഡില്‍ എടുത്ത ചാലുകള്‍ അപകടം ഉണ്ടാക്കുന്നതായി പരാതി
ഇരിങ്ങാലക്കുട: നഗരസഭ 19-ാം വാര്‍ഡില്‍ മാര്‍ക്കറ്റിനു സമീപം തെക്കേ അങ്ങാടി റോഡില്‍ ഒന്നിലധികം സ്ഥലങ്ങളിലാണു പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡില്‍ എടുത്ത വലിയ ചാലുകള്‍ മൂടാതെ കിടക്കുന്നതായും അപകടം ഉണ്ടാകുന്നതായും പരാതി വന്നിരിക്കുന്നത്. ജല അഥോറിറ്റിയുടെ പൈപ്പിടാന്‍ പൊളിച്ച റോഡുകള്‍ പൂര്വസ്ഥിതിയിലാക്കാത്തതാണു പ്രശ്നം. കഴിഞ്ഞ ദിവസം കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രക്കാരനായ വയോധികനു പരുക്കേറ്റു. വെട്ടിപ്പൊളിച്ച റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിക്കണമെന്നാണു നാട്ടുക്കാരുടെ ആവശ്യം. പ്രധാന റോഡ് കുറുകെ മുറിച്ചാണു പൈപ്പ് ലൈന്‍ സ്ഥാപിക്കുവാന്‍ കുഴികള്‍ എടുത്തത്. പൈപ്പ് ലൈന്‍ സ്ഥാപിച്ചുവെങ്കിലും രൂപപ്പെട്ട ചാലുകള്‍ അതേപടി തുടരുകയാണ്. ശക്തമായ മഴയില്‍ മണ്ണ് ഒലിച്ചു പോയതോടെ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെടുകയും വെള്ളം കെട്ടി നില്ക്കുന്ന സ്ഥിതിയുമാണ്. ഇരുചക്ര വാഹനക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. എന്നാല്‍ റോഡില്‍ കുഴിച്ച കുഴികള്‍ അടക്കേണ്ട ചുമതല ഗുണഭോക്താക്കള്ക്കാണെന്നും ആ വിവരം ജല അഥോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് അധികൃതര്‍ നല്കുന്ന വിവരം. രണ്ടു വര്‍ഷത്തോളമായി ഇങ്ങനെ തുടരുന്നു. വാഹനങ്ങള്‍ കുഴിയില്‍ ചാടി പോകേണ്ട അവസ്ഥയാണുള്ളത്. ഇതുമൂലം വാഹനങ്ങള്‍ക്ക് ഏറെ തകരാറാണു സംഭവിക്കുന്നത്. ഈ കുഴികളില്‍ വെള്ളം കെട്ടി നില്ക്കുന്നതു മൂലം കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ടിലാണ്. കത്തീഡ്രല്‍ ദേവാലയം, നിത്യാരാധന കേന്ദ്രം, മാര്‍ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. പരിഹാരം കാണണമെന്നു ആവശ്യപ്പെട്ടു നാട്ടുകാര്‍ അധികൃതര്‍ക്കു പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.