കെഎല്‍ഡിസി താത്കാലിക നിര്‍മിച്ച ബണ്ട് ഇടിയുമോയെന്ന് ആശങ്ക
പടിയൂര്‍: മഴ കനത്തത്തോടെ കെഎല്‍ഡിസി കനാലില്‍ താത്കാലികമായി നിര്‍മിച്ച ബണ്ട് ഇടിയുമോയെന്ന് ആശങ്ക. പടിയൂര്‍, കാട്ടൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോതറ പാലത്തിനു കിഴക്കുഭാഗത്തു താത്കാലികമായി നിര്‍മിച്ച ബണ്ടാണിത്. കനാലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ഇവിടെ ബണ്ട് പൊട്ടിയത്. തുടര്‍ന്ന് പടിയൂര്‍ പഞ്ചായത്തിലെ അംബേദ്കര്‍ കോളനി, കാറളം പഞ്ചായത്തിലെ കല്ലട ഹരിപുരം ക്ഷേത്രത്തിന്റെ വടക്കുഭാഗം, കാട്ടൂര്‍ പഞ്ചായത്തിലെ തെക്കുംപാടം ബണ്ട് പരിസരം, മധുരംപിള്ളി, മാവുംവളവ്, തേക്കുംമൂല വരെയുള്ള പ്രദേശങ്ങളിലും വെള്ളം കയറിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണു കെഎല്‍ഡിസി ബണ്ട് താത്കാലികമായി പുനര്‍നിര്‍മിച്ചത്. ചെമ്മണ്ണ്, മുള, പനമ്പ്, പ്ലാസ്റ്റിക് ചാക്ക് എന്നിവ ഉപയോഗിച്ചാണു ബണ്ട് കെട്ടിയിരിക്കുന്നത്. ഇതെല്ലാം കനാലിലേക്കു ചെരിയുകയും പലസ്ഥലത്തും മണ്ണ് ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. ബണ്ട് തെങ്ങുംമുട്ടികളിട്ടു ബലപ്പെടുത്തുമെന്നു പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി. മാത്രമല്ല, ടിപ്പര്‍ ലോറികളില്‍ സ്ഥലത്ത് തട്ടിയ മണ്ണ് പൂര്‍ണമായും ബണ്ടിലിട്ടു നിരത്തിയിട്ടില്ല. ഇതുമൂലം കനാല്‍ ബണ്ടിലൂടെ സഞ്ചരിക്കാനും കഴിയാത്ത അവസ്ഥയാണ്. അതിനാല്‍ പടിയൂര്‍ ഗ്രാമപഞ്ചായത്ത് കെഎല്‍ഡിസി, ഇറിഗേഷന്‍ അധികൃതര്‍ എന്നിവരുമായി ബന്ധപ്പെട്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.