കോവിഡ് വാക്സിന്; പുല്ലൂരില്‍ സൗകര്യം ഏര്‍പ്പെടുത്തണം- കോണ്‍ഗ്രസ്
പുല്ലൂര്‍: വില്ലേജിലെ ജനങ്ങള്‍ക്കു കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കുന്നതിനു മേഖലയിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളിലും പുല്ലൂരിലെ മറ്റു കേന്ദ്രങ്ങളിലും സൗകര്യം ഏര്‍പ്പെടുത്തണമെന്നും മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ ഒരു ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഇപ്പോള്‍ ഈ പ്രദേശങ്ങളിലെ ജനങ്ങള്‍ കിലോമീറ്ററുകളോളം താണ്ടി ആനന്ദപുരത്താണു വാക്സിന് സ്വീകരിക്കുന്നതിനു പോകുന്നത്. പ്രായമായവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിനു പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ പകുതിയോളം വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പുല്ലൂര്‍ വില്ലേജിലെ ജനങ്ങള്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും മുരിയാടോ ആനന്ദപുരത്തോ പോകേണ്ട അവസ്ഥയാണുള്ളത്. 80 ശതമാനത്തിലധികം കര്‍ഷകരുള്ള പുല്ലൂരില്‍ മുരിയാടുള്ള കാര്‍ഷിക കേന്ദ്രത്തിന്റെ സേവനം ലഭിക്കുന്നത് അപൂര്‍വമായാണ്. ഇതിനു പരിഹാരം കാണുന്നതിനു പുല്ലൂരില്‍ കാര്‍ഷിക ഉപകേന്ദ്രം അത്യാവശ്യമാണെന്നു സമ്മേളനം ആവശ്യപ്പെട്ടു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ടി.ജെ. സനീഷ്കുമാര് ജോസഫ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ബ്രദര്‍ ആന്റണി ഇഞ്ചിക്കല്‍, ഐ.ആര്. ജെയിംസ്, ബ്ലോക്ക് സെക്രട്ടറി സാജു പാറേക്കാടന്‍, സേവ്യര്‍ ആളൂക്കാരന്‍, ബൈജു മുക്കുളം എന്നിവര്‍ പ്രസംഗിച്ചു.