സ്കൂട്ടറില്‍ ബസിടിച്ച് മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു
ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് (49) വാഹനപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ 11 ഓടെ വെള്ളിലാംകുന്നിലായിരുന്നു അപകടം. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രതി ഗോപിയുമൊത്ത് സ്കൂട്ടറില്‍ പോകുമ്പോള്‍ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസില്‍ നടന്ന കാലിത്തീറ്റ വിതരണോദ്ഘാടനത്തില്‍ പങ്കെടുത്തശേഷം ആനന്ദപുരത്തുള്ള ആയുര്‍വേദ ആശുപത്രിയില്‍ പോയി മരുന്ന് വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. സ്കൂട്ടറിലായിരുന്ന ഇവരെ ബസ് മറികടക്കുന്നതിനിടയില്‍ സ്കൂട്ടറില്‍ തട്ടി മറിയുകയായിരുന്നു.
ബസിനടിയിലേക്കു തെറിച്ചുവീണ ഷീലയുടെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രം കയറുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ഷീലയ്ക്കു മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ രതി ഗോപിയെ അപ്പോളോ അഡ്ലക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിയാട് പഞ്ചായത്ത് വാര്‍ഡ് 13 തുറവന്‍കാടിനെ പ്രതിനിധീകരിക്കുന്ന സിപിഐ അംഗമാണ് ഷീല. പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സിപിഐ മുരിയാട് ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി, ഇരിങ്ങാലക്കുട ടൗണ്‍ ലൈബ്രറേറിയന്‍, കേരള മഹിളാ സംഘം മണ്ഡലം കമ്മിറ്റി അംഗം, തുറവന്‍കാട് നവകേരള വായനശാല ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. തുറവന്‍കാട് കൊച്ചുകുളം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിമുക്തഭടനായ കൊച്ചുകുളം വീട്ടില്‍ ജയരാജാണ് ഷീലയുടെ ഭര്‍ത്താവ്. മക്കള്‍: ജയേഷ്, രാജേഷ്. ഇരുവരും ഗള്‍ഫിലാണ്. മരുമകള്‍: റോസ്മി. തൃശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റുമാര്‍ട്ടത്തിനുശേഷം ഇന്നു രാവിലെ പത്തിനു പഞ്ചായത്ത് ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. 11 നു സംസ്കാരം വീട്ടുവളപ്പില്‍ നടക്കും.
വിടവാങ്ങിയത് ഊര്‍ജസ്വലയായ ജനപ്രതിനിധി
മുരിയാട്: പഞ്ചായത്തിലെ ജനങ്ങളുടെ ഏതൊരൂ കാര്യത്തിനും കൂടെനിന്ന ജനപ്രതിനിധിയാണ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചത്. പഞ്ചായത്തോഫീസില്‍ ഇന്നലെ രാവിലെ നടന്ന നിര്‍ധനരായ കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ വിതരണ ചടങ്ങില്‍ അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങാണ് അവസാനമായി ഷീല പങ്കെടുത്ത പരിപാടി. മുരിയാട് പഞ്ചായത്തിലെ വാര്‍ഡ് 13 തുറവന്ക്കാടില് 104 വോട്ടുകള്‍ക്കാണു ഷീല വിജയിച്ചത്. വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങളില്‍ ഇടപ്പെടുകയും ക്ഷേമകാര്യങ്ങള്‍ നടത്തികൊടുക്കുകയും ചെയ്ത മികച്ച ജനപ്രതിനിധിയാണ് ഷീല.