ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ ഇരിങ്ങാലക്കുട അഗ്നിരക്ഷാസേനയ്ക്ക് സ്വന്തം
ഇരിങ്ങാലക്കുട: പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാന്‍ ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്കു കരുത്തായി പുതിയ ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍ സജ്ജം. പ്രകൃതിദുരന്തം ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളില്‍ വലിയ വാഹനങ്ങള്‍ കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ എത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുതിയ വാഹനത്തിന്റെ ഫഌഗ് ഓഫ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു. വാഹനത്തിന്റെ പുതിയ രക്ഷാ സംവിധാനങ്ങള്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പരിചയപ്പെടുത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി അധ്യക്ഷത വഹിച്ചു. തീപിടുത്തം ഉണ്ടായാല്‍ അണയ്ക്കുന്നതിനായി 400 ലിറ്റര്‍ വെള്ളം, വാതക ചോര്‍ച്ച ഉണ്ടായി തീപിടിച്ചാല്‍ അണയ്ക്കുന്നതിനു 50 ലിറ്റര്‍ ഫോം, മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാനുള്ള കട്ടിംഗ് മെഷീന്, വാഹനാപകടം ഉണ്ടായാല്‍ ഉപയോഗിക്കുന്ന ഹൈഡ്രോളിക് മെഷീന് എന്നിവ ഫസ്റ്റ് റെസ്പോണ്‍സ് വാഹനത്തിലുണ്ട്. 22 കോടി രൂപ ചെലവില്‍ സംസ്ഥാനമൊട്ടാകെ അഗ്നിരക്ഷാസേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇരിങ്ങാലക്കുട നിലയത്തിലേക്ക് എഫ്ആര്‍വി എത്തിച്ചിട്ടുള്ളത്. എഫ്ആര്‍വി കൂടാതെ ജീപ്പ്, ആംബുലന്‍സ്, രണ്ടു ഫയര്‍ ടെന്‍ഡറുകള്‍ എന്നിവയാണ് ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന ഓഫീസിനുള്ളത്. അഞ്ചു ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ 40 ജീവനക്കാരുടെ സേവനം ഇവിടെ ലഭ്യമാണ്. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സതി സുബ്രഹ്മണ്യന്, ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ വിക്ടര്‍ വി. ദേവ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ എം.എന്‍. സുധന്, സിവില്‍ ഡിഫന്‍സ് കോ-ഓര്‍ഡിനേറ്റര്‍ എസ്. സുദര്ശനന്, ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.