കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് വാര്‍ഷികാഘോഷം നടത്തി
കാലഘട്ടങ്ങളുടെ കാഴ്ചപ്പാടുകള്‍ സമാഹരിച്ചു വരും തലമുറക്കായി കൈമാറ്റപ്പെടാന്‍ കൂടല്‍മാണിക്യം ദേവസ്വം കാണിക്കുന്ന ഉത്തരവാദിത്വം ശ്ലാഘനീയം-മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: ഒരു കാലഘട്ടത്തിന്റെ അറിവുകളും കാഴ്ചപ്പാടുകളും സമാഹരിക്കുകയും ഇവ ഉള്‍പ്പെട്ട ഗ്രന്ഥങ്ങളും എഴുത്തോലകളും വരും തലമുറയ്ക്കു വേണ്ടി സംരക്ഷിക്കുകയും കൈമാറ്റപ്പെടുകയും ചെയ്യുവാന്‍ കൂടല്‍മാണിക്യം ദേവസ്വം കാണിക്കുന്ന ഉത്തരവാദിത്വം അത്യന്തം ശ്ലാഘനീയമാണെന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഒന്നാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദേവസ്വം ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് ഡോ. രാജന് ഗുരുക്കള്‍ മുഖ്യാതിഥിയായിരുന്നു. കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് നേടിയ കൂടല്‍മാണിക്യം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഉപദേശക സമിതി അംഗം പരമേശ്വര ചാക്യാര്‍ (കുട്ടന് ചാക്യാര്‍), കൈരളി ഗവേഷണ അവാര്‍ഡ് നേടിയ ചരിത്രകാരന് ഡോ. എം.ആര്. രാഘവവാരിയര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മുന്‍ പിഎസ്സി അംഗവും കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഉപദേശസമിതി അംഗവുമായ അശോകന് ചെരുവില്‍ മ്യൂസിയം ആര്‍ക്കൈവ്സ് പ്രൊജക്ട് സമര്‍പ്പണം നിര്‍വഹിച്ചു. 2020 നവംബര്‍ ഒന്നിന് അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വഹിച്ച ആര്‍ക്കൈവ്സില്‍ 12,000 താളിയോലകള്‍ ഡിജിറ്റല്‍ ഇമേജുകള്‍ ആക്കി സെര്‍വറില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞു. ഒരു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിന് ഒപ്പം തുടര്‍ന്നു നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ കൃത്യമായ മാര്‍ഗരേഖ തയാറാക്കി മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നു കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന് പറഞ്ഞു. മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഉപദേശകസമിതി അംഗവുമായ ഡോ. ടി.കെ. നാരായണന്, മുന്‍ എംപിയും കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സ് ഉപദേശകസമിതി അംഗവുമായ പ്രഫ. സാവിത്രി ലക്ഷ്മണന് എന്നിവര്‍ പ്രസംഗിച്ചു. കൂടല്‍മാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ഭരതന് കണ്ടേങ്കാട്ടില്‍, അഡ്വ. രാജേഷ് തമ്പാന്, എ.വി. ഷൈന്‍, കെ.ജി. സുരേഷ്, ബ്രഹ്മശ്രീ എം.പി. പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുത്തു. കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആര്‍ക്കൈവ്സ് ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന്, കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എം. സുഗീത എന്നിവര്‍ പ്രസംഗിച്ചു.