ആതുര രംഗത്ത് നൂറ്റാണ്ടിന്റെ ധന്യതയില്‍ കാട്ടൂര്‍ ഗവ. ആശുപത്രി
സ്ഥാനം പ്രഥമം; എന്നാല്‍ മേന്മയോ മോശം…..ശരിയാകുമോ ഈ സര്‍ക്കാര്‍ ആശുപത്രി…..
കാട്ടൂര്‍: ആതുര രംഗത്ത് ഒരു നൂറ്റാണ്ടിന്റെ ധന്യതയിലാണു കാട്ടൂര്‍ സര്‍ക്കാര്‍ ആശുപത്രി. ഒപ്പം ഒരുപാടു പരാധീനതകളുടെയും. കാട്ടൂരിലെയും പരിസരപ്രദേശത്തെ ആറു പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്കും രോഗികള്‍ക്കും ഏക ആശ്രയമാണു ഈ ആശുപത്രി. കാട്ടൂര്‍ സ്വദേശികളായ ആലപ്പാട്ട് തോമസ്, പാനികുളം കുഞ്ഞിപ്പാലു എന്നിവര്‍ സൗജന്യമായി നല്കിയ രണ്ടേക്കറോളം വരുന്ന സ്ഥലത്താണു ആശുപത്രി പ്രവര്‍ത്തിക്കുന്നത്. 1921 ഒക്ടോബര്‍ 21 ന് അന്നത്തെ കൊച്ചി രാജ്യത്തെ പ്രതിനിധി ഡോ. ജി.എന്‍. കോംബീസാണ് ഈ ആശുപത്രി കെട്ടിടത്തിനു തറക്കല്ലിട്ടത്. ഒരുകാലത്തു പോസ്റ്റുമാര്‍ട്ടവും പ്രസവശുശ്രൂഷകളും നടത്തിയ ആശുപത്രിയുടെ ആവസ്ഥ ഇന്നു വളരെ ശോചനീയമാണ്. 1957 ല്‍ നിര്‍മിച്ച മോര്‍ച്ചറി ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടത് ഉപയോഗശൂന്യമായ അവസ്ഥയിലായി. 1990 നു മുമ്പു പോസ്റ്റുമാര്‍ട്ടവും നിര്‍ത്തി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഓപറേഷന് തീയറ്റര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗൈനക്കോളജിസ്റ്റോ വിദഗ്ധരായ ഡോക്ടര്‍മാരോ ഇല്ലാത്തതിനാല്‍ ഇവിടെ ഓപ്പറേഷന് നടക്കാറില്ല. 2000 ത്തിനു മുമ്പ് ഓപ്പറേഷന് സംവിധാനങ്ങളും നിലച്ചു. ഇപ്പോള്‍ രാത്രിചികിത്സ പോലുമില്ല. പകല്‍സമയത്തെ ഒപി മാത്രമാണ് ഏക രക്ഷ. സാമ്പത്തികമായി താഴെ തട്ടിലുള്ള സാധാരണക്കാരില്‍ സാധാരണക്കാരാണു ഈ ആശുപത്രിയിലെത്തുന്നവരില്‍ ഭൂരിഭാഗവും. ഡ്യൂട്ടിയില്‍ ഒരു ഡോക്ടറെ കണ്ടു ചികിത്സിക്കുന്ന രോഗി പെട്ടെന്ന് അസുഖം കൂടി വീണ്ടും ചെല്ലുമ്പോള്‍ ചിലപ്പോള്‍ ചികിത്സിച്ച ഡോക്ടര്‍ പോലും ഇവിടെ ഉണ്ടാകില്ല. അതുമല്ലെങ്കില്‍ മറ്റൊരു ഡോക്ടറെ കാണ്ടേണ്ടിവരുന്ന അവസ്ഥയുമാണ്. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ അധികാര പരിധിയിലാണു ഈ ആശുപത്രി. 20 വര്‍ഷത്തിനുള്ളില്‍ കാര്യമായ പുരോഗതിയൊന്നും ആശുപത്രിക്കു ഉണ്ടായിട്ടില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ നിന്നും രണ്ടു ബ്ലോക്ക് പഞ്ചായത്തംഗങ്ങളാണുള്ളത്. ഇവര്‍ ഇക്കാര്യത്തില്‍ വേണ്ട താത്്്പര്യങ്ങളെടുക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. വിദഗ്ധരായ ഡോക്ടര്‍മാരുടെ കുറവും അത്യാധുനിക സജീകരണങ്ങളുടെ അഭാവവും ഇവിടെ വരുന്ന രോഗികളെ വലക്കാറുണ്ട്. ആശുപത്രി പരിസരം കാടുകയറി കിടക്കുന്നതിനാല്‍ ഇവിടെ ക്ഷുദ്രജീവികളുടെ ശല്യവും ഉണ്ടാകാറുണ്ട്. തെരുവുനായ്ക്കളുടെയും ക്ഷുദ്രജീവികളുടെയും വിശ്രമകേന്ദ്രമാണു രാത്രി സമയങ്ങളില്‍ പലപ്പോഴും ഇവിടെ. നിലവിലുള്ള കെട്ടിടങ്ങളില്‍ പലതിലും അറ്റകുറ്റപണികള്‍ നടക്കാത്തതുമൂലം വേണ്ടത്ര ശുചിത്വം ഇല്ലെന്നുള്ള ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൈമോശം വന്നുപോയ പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിനും ആശുപത്രിയുടെ വികസനത്തിനുമായി ജനങ്ങള്‍ നിരവധിതവണ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും നടപടികള്‍ സ്വീകരിച്ചിട്ടില്ല. സ്ഥലസൗകര്യം വേണ്ടുവോളമുണ്ടെങ്കിലും താമസിക്കാന്‍ ക്വാര്‍ട്ടേഴ്സ് ഇല്ലാത്തതാണ് ഇവിടേക്കു ഡോക്ടര്‍മാര്‍ എത്താത്തതിനു കാരണമെന്നു പറയുന്നു. അധികൃതരുടെ അനാസ്ഥ ജനങ്ങളില്‍ ഏറെ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്.