പദ്ധതി രേഖ സമര്‍പ്പിച്ചു. നിര്‍മാണാനുമതി കാത്ത് ഇരിങ്ങാലക്കുട കോടതിസമുച്ചയം രണ്ടാംഘട്ടത്തിന് 62.6 കോടി രൂപയുടെ പദ്ധതി
ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷന് പരിസരത്തു നിര്‍മിക്കുന്ന കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനു ഭരണാനുമതിക്കായി പദ്ധതിരേഖ സമര്‍പ്പിച്ചു. ഹൈക്കോടതി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കോടതി സമുച്ചയം എന്ന ഖ്യാതിയോടെ 80 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമായി 1.68 ലക്ഷം ചതുരശ്ര അടിയില്‍ ഏഴുനിലകളിലായിട്ടാണു നിര്‍മിക്കുന്നത്. ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണു രണ്ടാംഘട്ട ഭരണാനുമതി തേടി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. 62.6 കോടി രൂപയുടെ എസ്റ്റിമേറ്റാണു സമര്‍പ്പിച്ചത്. 42.6 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിനു ഭരണാനുമതി ലഭിച്ചിരുന്നില്ല. അതിനു പകരമായിട്ടാണു കുറച്ചുകൂടി കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതുക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനു ഭരണാനുമതി ലഭിച്ചു. രൂപരേഖയും മതിപ്പുചെലവും തയാറാക്കി സമര്‍പ്പിച്ചശേഷം സാങ്കേതിക അനുമതി ലഭിച്ചാല്‍ മാത്രമെ ടെന്‍ഡര്‍ നടപടികളിലേക്കു കടക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 29.25 കോടി ഉപയോഗിച്ച് അഞ്ചു നിലകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്.