ഇരിങ്ങാലക്കുടയില്‍ നിന്നു കയറ്റി അയച്ചതു തരംതിരിക്കാത്ത 240.5 ടണ്‍ മാലിന്യം
ക്ലീന്‍ കേരളയ്ക്കു നല്‍കേണ്ടത് 30 ലക്ഷംരൂപ
ഇരിങ്ങാലക്കുട: നഗരസഭയില്‍ കോവിഡ് കാലത്തു സംഭരിച്ച തരംതിരിക്കാന്‍ കഴിയാത്ത മാലിന്യം രണ്ടുഘട്ടമായി ക്ലീന്‍ കേരളയ്ക്കു നല്‍കിയത് 240.5 ടണ്‍. ഇതു കൊണ്ടുപോകുന്നതിനു നഗരസഭ ക്ലീന്‍ കേരളയ്ക്കു 30 ലക്ഷം രൂപയാണു നല്‍കേണ്ടത്. ഇതില്‍ എട്ടു ലക്ഷം പ്ലാന്‍ ഫണ്ടില്‍ നിന്നും എട്ടു ലക്ഷം തനതു ഫണ്ടില്‍ നിന്നുമായി കൈമാറി. ബാക്കിയുള്ള 14 ലക്ഷം രൂപ പദ്ധതി ഫണ്ടില്‍ നിന്നും നല്‍കാനാണു നീക്കം. പ്രളയത്തിനു ശേഷം പോലും ഇത്രയും മാലിന്യം കയറ്റി അയക്കേണ്ടിവന്നിട്ടില്ലെന്നും അതിനാല്‍ നഗരസഭ ആറുമാസത്തിനുള്ളില്‍ തരംതിരിക്കാന്‍ കഴിയാത്ത ഇത്രയും ടണ്‍ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്കു നല്കിയെന്നു പറയുന്നതില്‍ വിശ്വാസക്കുറവുണ്ടെന്നും അതു പരിശോധിക്കണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 2020 സെപ്തംബറില്‍ 139.5 ടണ്ണും 2021 മാര്‍ച്ച് 12 മുതല്‍ 18 വരെ 101 ടണ്ണുമാണു കയറ്റി അയച്ചതെന്നാണ് ആരോഗ്യവിഭാഗം വ്യക്തമാക്കുന്നത്. വെള്ളപ്പൊക്കവും കോവിഡിനെത്തുടര്‍ന്നുണ്ടായ അടച്ചിടലും മൂലം വീടുകളില്‍ നിന്നു മാലിന്യം ശേഖരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭക്ഷണമാലിന്യങ്ങളും മറ്റുമായി വലിയ തോതില്‍ വഴിയരികുകളില്‍ പ്ലാസ്റ്റിക് കവറുകളിലാക്കി തള്ളിയതാണു ഇത്രയും കൂടാന്‍ കാരണമായത്. കോവിഡ് നിയന്ത്രണം കുറഞ്ഞതിനു ശേഷമാണു മാലിന്യശേഖരണം ശരിയായി നടന്നത്. രണ്ടു ഘട്ടങ്ങളിലായി 23 ടോറസ് മാലിന്യമാണു ഹില്‍പാര്‍ക്കില്‍ നിന്നു കയറ്റിപ്പോയത്. അതേസമയം ഇനം തിരിച്ചുള്ള അജൈവ മാലിന്യങ്ങള്‍ക്കു ക്ലീന്‍ കേരള മൂന്നു ലക്ഷം രൂപ നഗരസഭയ്ക്കു കൈമാറി. ഈ തുക ഹരിതകര്‍മസേനയുടെ ശമ്പളം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ നീക്കിവെച്ചു. നഗരസഭയിലെ 41 ഡിവിഷനുകളിലായി 83 ഹരിത കര്മസേനാംഗങ്ങളെയാണു മാലിന്യശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്. തരംതിരിച്ചു മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചതോടെ മാലിന്യം വളരെയേറെ കുറഞ്ഞിട്ടുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.