പച്ചക്കുട’ ഇരിങ്ങാലക്കുട സമഗ്ര കാര്‍ഷിക വികസന പദ്ധതിക്കു രൂപരേഖയായി
‘ഇരിങ്ങാലക്കുട: ‘പച്ചക്കുട’ സമഗ്ര കാര്‍ഷിക വികസന പദ്ധതിക്കു ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉള്‍പ്പെടുത്തി കാര്‍ഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് ആരംഭിക്കുന്ന പദ്ധതിയാണു ‘പച്ചക്കുട’. ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്കു രൂപരേഖയായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തില്‍ കാര്‍ഷിക മേഖലക്കു പ്രഥമ പരിഗണനയാണു നല്കുന്നതെന്നു മന്ത്രി പറഞ്ഞു. പച്ചക്കുട പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യ സ്വയംപര്യാപ്തതയാണു ലക്ഷ്യമാക്കുന്നത്. ഭക്ഷ്യോത്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഉത്പ്പാദനം വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും പദ്ധതിയിലൂടെ നടപ്പാകുമെന്നും മന്ത്രി തുടര്‍ന്നു പറഞ്ഞു. കോള്‍ നിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കര്‍ഷകര്‍ക്കു മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ഉത്പ്പാദന വിപണനത്തിനായി സംരംഭങ്ങള്‍, കാര്‍ഷിക കര്‍മസേന, ജൈവവളം നിര്‍മാണ കേന്ദ്രങ്ങള്‍, മത്സ്യം, മാംസം എന്നിവയുടെ ഉത്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശു രഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണു പച്ചക്കുട പദ്ധതിയുടെ ലക്ഷ്യം. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. മിനി പ്രസംഗിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, ജില്ലാ പഞ്ചായത്തംഗം ലത ചന്ദ്രന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, ലത സഹദേവന്, സീമ പ്രേംരാജ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെടുന്ന 20 സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികള്‍, കാര്‍ഷിക സഹകരണ സംഘം പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പിനായി കമ്മിറ്റിയും രൂപികരിച്ചു.