നാടിന്റെ ചരിത്ര സ്മാരകമായ എടത്തിരുത്തികാട്ടൂര് മാര്‍ക്കറ്റ് നടപ്പാലം പൊളിച്ചു
കാട്ടൂര്‍: രണ്ടു നാട്ടുരാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു നാടിന്റെ വാണിജ്യ വ്യവസായ സാംസ്കാരിക രംഗത്തെ വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയതാണ് ഈ പാലം. ഏറെ പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഒത്തിരി കൗതുകപരമായ വിവരങ്ങളാണ് ചരിത്രാന്വേഷികള്‍ക്ക് അറിയുവാന്‍ സാധിക്കുക. ഈ നാട്ടില്‍ മാര്‍ക്കറ്റ് വളര്‍ന്നു വരുവാനുണ്ടായ സാഹചര്യം, രണ്ടു രാജഭരണ പ്രദേശങ്ങള്‍ തമ്മിലുണ്ടായിരുന്ന വാണിജ്യ ഇടപാടുകള്‍, അതില്‍ നിന്നും രൂപപ്പെട്ടുവന്ന ഒരു ജനസമൂഹത്തിന്റെ സാംസ്കാരിക പശ്ചാത്തലം അങ്ങനെ പോകുന്നു ആ അന്വേഷണ വിവരങ്ങള്‍. അവഗണനകളുമായി ഏറെ അപകടാവസ്ഥയിലാണെങ്കിലും ഒരു ചരിത്ര ശേഷിപ്പായി നിലനില്‍ക്കുകയായിരുന്നു ഈ പാലം. മലബാര്‍ ജില്ലാ കളക്ടറായിരുന്ന എച്ച്.വി. കാനോലി 1848 ല്‍ കോഴിക്കോട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെ ഒരു വിശാല ജല ഗതാഗത മാര്‍ഗം എന്ന ഉദ്ദേശത്തോടെ പുഴകളെയും ജലാശയങ്ങളെയും കനാലുകള്‍ നിര്‍മിച്ചു കൂട്ടിയിണക്കി. ഇങ്ങനെയുണ്ടാക്കിയ തീരദേശ ജലഗതാഗതമാര്ഗമാണ് കാനോലി കനാല്‍. ഈ കനാലില്‍ ബോട്ടുജെട്ടി പറയന്‍കടവില്‍ നിന്നും വടക്കുമാറിയിട്ടായിരുന്നെങ്കിലും, കെട്ടുവള്ളങ്ങളും, ബോട്ടുകളും അടുപ്പിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ പറയന്‍കടവില്‍ തന്നെ ഉണ്ടായിരുന്നു. കാലക്രമേണ ബോട്ടുജെട്ടിക്കു സമീപത്തായി അങ്ങാടിക്കു വേണ്ട സ്ഥലം ചില വീട്ടുകാര്‍ നല്‍കിയതോടെ ബോട്ടുകളും, കെട്ടുവള്ളങ്ങളും അടുപ്പിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍ പറയന്‍കടവില്‍ നിന്ന് വ്യാപാര കേന്ദ്രം താഴേക്കാട്ടങ്ങാടി എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ സ്ഥലത്തേക്ക് മാറുകയാണ് ചെയതത്. ഈ കനോലി കനാലിന്റെ കിഴക്കേ ഓരം ചേര്‍ന്ന് കിടക്കുന്ന കാട്ടൂര്‍ ഗ്രാമം വളരെ പണ്ടു മുതല്ക്കേ അറിയപ്പെട്ടിരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു. വാടാനപ്പിള്ളി മുതല്‍ മതിലകം വരെയുള്ള തീരദേശവാസികളും, എടിതിരിഞ്ഞി, കാറളം, ചിറക്കല്‍ തുടങ്ങിയ അയല്‍ പ്രദേശങ്ങളിലുള്ളവരും പഴയകാലത്ത് ആശ്രയിച്ചിരുന്നത് കനോലി കനാലിനു സമീപമുള്ള കാട്ടൂര്‍ അങ്ങാടിയെയായിരുന്നു. കാട്ടൂര്‍ ബസാര്‍ ആദ്യ കാലത്ത് പ്രധാന ചകിരി കച്ചവട കേന്ദ്രമായിരുന്നു. കണ്ടശാംകടവ്, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്ക് ചകിരികള്‍ കെട്ടുവള്ളത്തില്‍ കൊണ്ടുപോയിരുന്നു. ഇതിന് കച്ചവടരംഗത്ത് ചില ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിയില്‍ നിന്നും വ്യാപാര സാധനങ്ങള്‍ ഇവിടേക്കും വന്നിരുന്നു. ശനി, ചൊവ്വ ദിവസങ്ങളിലാണ് ഇവിടത്തെ പ്രധാന ചന്തകള്‍. എടത്തിരുത്തി, കൈപ്പമംഗലം, പെരിഞ്ഞനം, വലപ്പാട്, നാട്ടിക എന്നിവിടങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോയിരുന്നത് ഇവിടെ നിന്നാണ്. പാലത്തിനു കിഴക്കു വശം കാട്ടൂര്‍ പഞ്ചായത്തുള്‍പ്പെടുന്ന പ്രദേശം കൊച്ചി സര്‍ക്കാരിന്റെ കീഴിലായിരുന്നു. പാലത്തിനു പടിഞ്ഞാറ് എടതിരുത്തി പ്രദേശം മദ്രാസ് സംസ്ഥാനത്തില്‍പ്പെടുന്ന സൗത്ത് മലബാര്‍ ഭരണത്തിന്റെ കീഴിലുമായിരുന്നു. ഈ രണ്ടു പ്രദേശങ്ങളും രണ്ടു രാജ്യഭരണങ്ങളുടെ കീഴിലും. അതുകൊണ്ടു തന്നെ സാധനങ്ങള്‍ പരസ്പരം കൈമാറുമ്പോള്‍ ചുങ്കവും ഏര്‍പ്പെടുത്തിയിരുന്നു. കാട്ടൂര്‍ മാര്‍ക്കറ്റിനു സമീപം ചുങ്കം പിരിച്ചിരുന്ന സ്ഥലവും ഉണ്ടായിരുന്നു. കായ, കൊള്ളി, അരി, കൊപ്ര, അടയ്ക്ക, പുകയില, കപ്പ, ഉപ്പ്, ഉണക്കമീന്‍ എന്നിവയായിരുന്നു പ്രധാനമായും ഇവിടെനിന്നും വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. ഇതില്‍ പല വസ്തുക്കളും മലബാര്‍ അതിര്‍ത്തിയിലേക്ക് കടത്തി കൊണ്ടുപോകുന്നതിന് അനുവാദം ഇല്ലാതിരുന്നതിനാല്‍ രാത്രി കാലങ്ങളില്‍ ഒളിച്ചു കടത്തുകയാണ് ചെയ്തിരുന്നത്. ആദ്യകാലം മുതല്ക്കുതന്നെ ഈ മേഖലകളില്‍ സംഘടിത തൊഴിലാളികളും ജോലി നോക്കിയിരുന്നു. ഈ തൊഴിലാളി സംഘടനകള്‍ സ്വാതന്ത്ര്യ സമരരംഗങ്ങളില്‍ ബന്ധപ്പെട്ടിരുന്നു. 1952 വരെ ചന്ത സജീവമായി പ്രവര്‍ത്തിച്ചിരുന്നതായാണ് പറയപ്പെടുന്നത്. കാട്ടൂരിനെ നാട്ടിക ഫര്ക്കയുമായി ബന്ധിപ്പിക്കുന്ന പൊട്ടക്കടവ് പാലവും, തൃപ്രയാര്‍, കണ്ടശാംകടവ്, കാക്കത്തിരുത്തി പാലങ്ങളും വന്നതോടുകൂടി ഒരു ഗതാഗത മാര്‍ഗം എന്ന നിലയില്‍ കാനോലി കനാലിന്റെ പ്രധാന്യം നഷ്ടപ്പെടുകയും കാട്ടൂരങ്ങാടിയുടെ വളര്‍ച്ച മുരടിക്കുകയും ചെയ്തു. ഈ പാലത്തിനു പുറമേ സമീപത്തായി പിന്നീട് ഒരു നടപ്പാലവും കാട്ടൂര്‍ അങ്ങാടിക്കു വടക്കുവശത്ത് ബസുകളും ലോറികളും പോകാവുന്ന വലിയ പാലവും വന്നതോടെ പഴയ നടപ്പാലം അവഗണിക്കപ്പെടുകയാണുണ്ടായത്. ദ്രവിച്ചു നിന്ന കോണ്‍ക്രീറ്റ് നടപ്പാലം പൊളിച്ചതോടെ പ്രദേശത്തെ ചരിത്രസ്മാരകങ്ങളിലൊന്നുകൂടിയാണ് ഇല്ലാതാകുന്നത്.