കൂടല്‍മാണിക്യം മണിമാളിക കെട്ടിടം പൊളിക്കുന്നു
ഇരിങ്ങാലക്കുട: അപകടാവസ്ഥയിലുള്ള കൂടല്‍മാണിക്യം മണിമാളിക കെട്ടിടം പൊളിച്ചു നീക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം. ശനിയാഴ്ച മൂന്നിനകം ക്വട്ടേഷന്‍ സമര്‍പ്പിക്കാനാണു ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ നോട്ടീസ്. കെട്ടിടത്തിലെ വ്യാപാരികളുമായി ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ ധാരണയുടെ അടിസ്ഥാനത്തിലാണു നടപടി. ഇതിന്റെ ഭാഗമായി കേസുകള്‍ പിന്‍വലിക്കാന്‍ വ്യാപാരികള്‍ കോടതിയില്‍ അപേക്ഷ നല്കി. കെട്ടിടം അപകടാവസ്ഥയിലായതിനാലാണു ജില്ലാ കളക്ടര്‍ യോഗം വിളിച്ചതെന്നു ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് പറഞ്ഞു. വ്യാപാരികളുടെ കേസ് നിലനില്‍ക്കുന്നതിനാലാണു ദേവസ്വത്തിനു കെട്ടിടം പൊളിച്ചുമാറ്റാന്‍ കഴിയാതിരുന്നത്. കേസിലുള്ളവരെല്ലാം ദേവസ്വവുമായി രാജിയാകുകയും പൊളിക്കാന്‍ അനുവദിച്ചു കോടതി കത്തു നല്‍കുകയും ചെയ്തിട്ടുണ്ട്. ഉത്സവത്തിനുമുമ്പായി കെട്ടിടം പൊളിക്കാനുള്ള ശ്രമത്തിലാണു ദേവസ്വമെന്നും ചെയര്മാന് കൂട്ടിച്ചേര്‍ത്തു. കൂടല്‍മാണിക്യം കുട്ടംകുളത്തിന് എതിര്‍വശത്തു പേഷ്കാര്‍ റോഡിനും കുട്ടംകുളത്തിനും അഭിമുഖമായാണു മണിമാളിക കെട്ടിടം. 2020 ഡിസംബറിലാണു കെട്ടിടം എത്രയും വേഗം പൊളിച്ചുനീക്കി വിവരം രേഖാമൂലം അറിയിക്കണമെന്നാവശ്യപ്പെട്ടു നഗരസഭ സെക്രട്ടറി ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് ഉത്തരവ് നല്‍കിയത്. കെട്ടിടം ഉപയോഗശൂന്യമാണെന്ന സൂചനയെത്തുടര്‍ന്നു നഗരസഭ ഓവര്‍സിയര്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ദ്രവിച്ച് അപകടാവസ്ഥയിലാണെന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണു നഗരസഭ ഉത്തരവ്. വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായതിനാല്‍ കെട്ടിടം ഉപയോഗിക്കുന്നതു നഗരസഭ നിരോധിച്ചിരുന്നു. അറുപതിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടം എത്രയുംവേഗം പൊളിക്കണമെന്നു ദേവസ്വം എന്‍ജിനീയറിംഗ് വിഭാഗവും പൊതുമരാമത്തുവിഭാഗം എന്‍ജിനീയറും പരിശോധന നടത്തി നേരത്തെ ആവശ്യപ്പെട്ടിരുന്നു.