കൂടല്‍മാണിക്യം ഉത്സവം; കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട: സംഗമപുരിക്ക് ആവേശം പകര്‍ന്ന് കൊടിപ്പുറത്ത് വിളക്ക് ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനു തുടക്കം കുറിച്ചുകൊണ്ട് ശ്രീകോവിലില്‍ നിന്നും ഭഗവാന് ആദ്യമായി പുറത്തേയ്ക്ക് എഴുന്നള്ളുന്ന കൊടിപ്പുറത്ത് വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. വൈകീട്ട് വിശേഷാല്‍ പൂജകള്‍ക്കുശേഷം ദേവനെ ശ്രീകോവിലില്‍ നിന്നും തിടമ്പിലേയ്ക്ക് ആവാഹിച്ച് പാണികൊട്ടി പുറത്തേയ്ക്ക് എഴുന്നള്ളിച്ചു. തുടര്‍ന്ന് തിടമ്പേറ്റാന്‍ തയാറായി കൊടിമരച്ചുവട്ടില്‍ നിന്നു കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ സ്വന്തം ഗജവീരനായ മേഘാര്‍ജ്ജുനന്റെ പുറത്താണു സംഗമേശ്വര ഭഗവാന് പുറത്തേക്കെഴുന്നള്ളിയത്. ഈശ്വര ചൈതന്യത്തെ തിടമ്പിലാവാഹിച്ച് ഭഗവാന് പുറത്തേക്കെഴുന്നള്ളിയപ്പോള് ക്ഷേത്രാങ്കണത്തില്‍ നിറഞ്ഞുനിന്ന ആയിരകണക്കിനു ഭക്തരുടെ കണ്ഠങ്ങളില്‍ സംഗമേശ്വരമന്ത്രങ്ങളുയര്ന്നു. ദേവന് ആചാരപ്രകാരമുള്ള പ്രദക്ഷിണം പൂര്‍ത്തിയാക്കി. വിളക്കാചാരം, കേളി, പറ്റ് തുടങ്ങിയവയ്ക്കുശേഷം പ്രദക്ഷിണം പൂര്‍ത്തിയാക്കി കിഴക്കെ നടപ്പുരയിലെത്തിയപ്പോഴേയ്ക്കും സ്വര്‍ണത്തിലും വെള്ളിയിലും നെറ്റിപ്പട്ടങ്ങള്‍ അണിഞ്ഞ് മറ്റു ഗജവീരന്മാര് വിളക്കെഴുന്നള്ളിപ്പിനു സജ്ജരായി കഴിഞ്ഞിരുന്നു. 17 ആനകളാണ് വിളക്കെഴുന്നള്ളിപ്പില്‍ അണിനിരന്നത്. ആദ്യവിളക്കിനു തുടക്കം കുറിച്ചുകൊണ്ടു നടന്ന പഞ്ചാരിമേളവും ആസ്വാദകര്‍ക്ക് ആവേശം പകര്‍ന്നു. വിളക്കിനോടനുബന്ധിച്ച് ഇന്നലെ രാവിലെ മണ്ഡപനമസ്കാരം ചെയ്തു ശുദ്ധീകരിച്ച സ്ഥലത്ത് പത്മമിട്ട് ബ്രഹ്മകലശപൂജ, പരികലശപൂജകള്‍, കുംഭേശകര്‍ക്കരി പൂജ, അധിവാസഹോമം എന്നിവയും നടന്നു. പഞ്ചാരി പടിഞ്ഞാറെ നടക്കല്‍ അവസാനിച്ച് തുടര്‍ന്ന് ചെമ്പട കൊട്ടി കിഴക്കേ നടക്കല്‍ കലാശിച്ച് മൂന്നു പ്രദക്ഷിണം കൂടി പൂര്‍ത്തിയാക്കി അകത്തേക്കെഴുന്നള്ളിക്കുന്നതോടെ കൊടിപ്പുറത്ത് വിളക്കാഘോഷത്തിനു സമാപ്തിയായി.