കൃഷി നശിച്ചിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു കോന്തിപുലം താത്കാലിക ബണ്ട് കര്‍ഷകര്‍ പൊട്ടിച്ചു
മുരിയാട്: കനാലില്‍ വെള്ളം കൂടി കൃഷി നശിച്ചിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു താത്കാലിക തടയണ കര്‍ഷകര്‍ പൊട്ടിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണു ബണ്ടിന്റെ മധ്യഭാഗം പൊളിച്ചത്. ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥമൂലം ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്നു കര്‍ഷകര്‍ ആരോപിച്ചു. 4000 ഏക്കര്‍ വരുന്ന മുരിയാട് കോള്‍മേഖലയില്‍ കെഎല്‍ഡിസി കനാലില്‍ വെള്ളം ഉയര്‍ന്നതാണു പ്രശ്നം. ഉള്ത്തോടുകളിലെ വെള്ളം ഒഴുകിപ്പോകാനാകാതെ സമീപ പാടശേഖരങ്ങളിലേക്കു കവിഞ്ഞൊഴുകി. കണ്ണംപിള്ളിച്ചിറ, മാവേലിക്കോള്, മൂരിക്കോള്‍, കൂവപ്പുഴ, ചൊവ്വാക്കാരന്പടവ്, കോക്കരച്ചാല് തുടങ്ങിയ 130 ഏക്കറിലേറെ വരുന്ന പാടശേഖരങ്ങളിലാണു നെല്ല് കൊയ്തെടുക്കാനാകാതെ നശിക്കുന്നത്. കോന്തിപുലത്ത് നിര്‍മിച്ചിരിക്കുന്ന താത്കാലിക തടയണ തുറന്നു വെള്ളം ഒഴുക്കിവിട്ടാല്‍ പാടങ്ങള്‍ കൊയ്തെടുക്കാമെന്നായിരുന്നു കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസം പെയ്ത മഴ കൂടുതല്‍ ശക്തിപ്രാപിച്ചതോടെ ഇറിഗേഷന്‍ വകുപ്പ് ബണ്ട് പൊട്ടിക്കാന്‍ സംവിധാനവുമായി വന്നു. എന്നാല്‍, മുനയം ബണ്ട് പൊട്ടിയെന്നു പറഞ്ഞു തിരികെ പോകുകയായിരുന്നു. മഴ കൂടുതല്‍ ശക്തിപ്രാപിച്ചു കൂടുതല്‍ സ്ഥലങ്ങളിലേക്കു വെള്ളം വ്യാപിച്ചതോടെയാണു കര്‍ഷകര്‍ ബണ്ടിലെ മുളംകുറ്റികള്‍ നീക്കി കുറച്ചുഭാഗം പൊളിച്ചത്. പാടശേഖരങ്ങള്‍ മുഴുവന്‍ വെള്ളത്തിലായതോടെ കര്‍ഷകരുടെ ആവശ്യപ്രകാരം ഇറിഗേഷന്‍ വകുപ്പ് വടക്കുഭാഗം കുറച്ചു പൊളിച്ചുനീക്കി വെള്ളം തുറന്നുവിട്ടു. എന്നാല്‍, മുകളില്‍ നിന്നല്ലാതെ കനാലിന്റെ ആഴത്തില്‍ പൂര്‍ണമായും ബണ്ട് പൊളിച്ചുനീക്കി വെള്ളം ഒഴുക്കിവിട്ടാല്‍ മാത്രമേ ശരിയാകൂവെന്നു കര്‍ഷകര്‍ പറഞ്ഞു.