ഇല്ലിക്കല്‍ ബണ്ട് റോഡ് സന്ദര്‍ശിച്ച് മന്ത്രി ഡോ. ആര് ബിന്ദു: അടിയന്തിര നവീകരണം ഉടന്‍
കരുവന്നൂര്‍: കനത്ത മഴയില്‍ തകര്‍ന്ന ഇല്ലിക്കല്‍ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷന്‍ ബണ്ട് റോഡിന്റെ അടിയന്തിര നവീകരണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. സംഭവ സ്ഥലം സന്ദര്‍ശിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്ക് 17 ലക്ഷം രൂപ അനുവദിച്ചു. പ്രവൃത്തിക്കു ഭരണാനുമതിയും ആയതായി മന്ത്രി ഡോ. ആര് ബിന്ദു. അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ബണ്ട് റോഡ് കരുവന്നൂര്‍ പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നത്. പ്രളയകാലത്ത് ഇടിഞ്ഞ ഭാഗം മണല്‍ച്ചാക്കുകള്‍ കൊണ്ട് തല്ക്കാലം കെട്ടിയതാണു വീണ്ടും ഇടിഞ്ഞത്. വാഹന ഗതാഗതത്തെ ഇതു ബാധിച്ചിട്ടുണ്ട്. പൂര്‍ണമായും ബണ്ട് റോഡ് അരികുകെട്ടി പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയിലാണു സര്‍ക്കാര്‍. എന്നാലിപ്പോള്‍ പുഴയില്‍ വെള്ളമുയര്‍ന്നു ഷട്ടര്‍ ഉയര്‍ത്തേണ്ടി വരുമ്പോള്‍ റോഡ് കൂടുതല്‍ ഇടിയാനും കാറളം പ്രദേശത്തേക്കു പുഴവെള്ളം കയറാനുമുള്ള സാധ്യതയുമുണ്ട്. ഇതൊഴിവാക്കാനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കാണു തുക അനുവദിച്ചത്.
കരുവന്നൂര്‍ ഇല്ലിക്കല്‍ ഡാമിന്റെ തെക്കുവശത്തുള്ള ഇറിഗേഷന്‍ ബണ്ട് റോഡ് മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു.