സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാളിനു കൊടിയേറി, ഊട്ടുതിരുനാള് നാളെ
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മയാചരിക്കുന്ന ദുക്റാന ഊട്ടുതിരുനാളിനു കൊടിയേറി. വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയറ്റുകര്മം നിര്‍വഹിച്ചു. നാളെ കത്തീഡ്രല്‍ അങ്കണത്തിലെ പന്തലില്‍ രാവിലെ 8.30 മുതല്‍ രണ്ടു വരെയാണ് ഊട്ടുസദ്യ ക്രമീകരിച്ചിരിക്കുന്നത്. നാളെ രാവിലെ 7.30 ന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച ഊട്ട് വെഞ്ചിരിക്കും. രാവിലെ 10 ന് നടക്കുന്ന തിരുനാള്‍ ദിവ്യബലിക്ക് റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ. ഫാ. നൗജിന് വിതയത്തില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പളളി ചുറ്റി പ്രദക്ഷിണവും ഉണ്ടായിരിക്കും. കത്തീഡ്രല്‍ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സീയോന് ഹാളില്‍ വച്ച് പ്രേലൈഫ് എക്സിബിഷനും വൈകീട്ട് ഏഴ് മുതല്‍ എട്ടു വരെ ആത്മീയ സംഗീത വിരുന്നും, സിഎല്‍സിയുടെ നേതൃത്വത്തില്‍ ഷാരോണ്‍ ഹാളില്‍ മരിയന്‍ എക്സിബിഷനും ഉണ്ടായിരിക്കും. ഇരുപത്തി അയ്യായിരം പേര്‍ക്കാണ് ഊട്ടു നേര്‍ച്ച ഒരുക്കിയിരിക്കുന്നതെന്നും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ജെയിന് കടവില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, തിരുനാള്‍ കണ്‍വീനറും ട്രസ്റ്റിയുമായ ഡോ. ജോസ് തൊഴുത്തുംപറമ്പില്‍, കുരിയൻ വെള്ളാനിക്കാരൻ, അഡ്വ. ഹോബി ജോളി ആഴ്ച്ചങ്ങാടന്‍, ജെയ്ഫിന് ഫ്രാന്‍സിസ് കൊടലിപറമ്പില്‍, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ജോണ്‍ മാമ്പിളളി, ജോമി ചേറ്റുപുഴക്കാരന്‍, ജോയ് ആലപ്പാട്ട്, പബ്ലിസിറ്റി കണ്‍വീനര്‍ ബിജു പോള്‍ അക്കരക്കാരന്‍, ജോയിന്റ് കണ്‍വീനര്‍ പി.ടി. ജോര്‍ജ് പളളന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.