പായമ്മല്‍ ശത്രുഘ്നസ്വാമിക്ഷേത്രം റോഡ് വീതികൂട്ടുന്നു
അരിപ്പാലം: നാലമ്പല തീര്‍ഥാടനത്തിന്റെ മുന്നോടിയായി പായമ്മല്‍ ശത്രുഘ്നസ്വാമിക്ഷേത്രം റോഡ് വീതികൂട്ടുന്നു. ചേലൂര്‍ അരിപ്പാലം റോഡില്‍ ഒലുപ്പൂക്കഴ പാലത്തിനോട് ചേര്‍ന്നുള്ള അപ്രോച്ച് റോഡില്‍നിന്ന് പായമ്മല്‍ ക്ഷേത്രം റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് വീതി കൂട്ടുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവിട്ടാണ് നിര്‍മാണം. റോഡിന്റെ എതിര്‍വശത്തും കോണ്‍ക്രീറ്റിട്ട് റോഡ് ബലപ്പെടുത്തുന്നുണ്ട്. തകരംകുന്നത്ത് സുധാകരന്റെ മകന് രാജു റോഡിനോട് ചേര്‍ന്നുള്ള സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ഇവിടെയാണ് വീതി കൂട്ടുന്നത്. പത്തടിയിലേറെ ഉയരത്തില്‍ ഒരടിയോളം കനത്തില്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുകയാണിപ്പോള്‍. നാലമ്പല തീര്‍ഥാടനകാലത്ത് വലിയ ബസുകള്‍ ക്ഷേത്രം റോഡിലേക്ക് പ്രവേശിക്കാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. രണ്ടോ മൂന്നോ തവണ പിന്നോട്ടെടുത്തുവേണം പ്രധാന റോഡില്‍നിന്ന് വണ്ടി ക്ഷേത്രം റോഡിലേക്ക് കയറാന്‍. റോഡ് വീതികൂട്ടുന്നതോടെ പാലം കഴിയുമ്പോള്‍ത്തന്നെ റോഡിലേക്ക് കയറാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇതിനുപുറമേ, പായമ്മല്‍ റോഡില്‍ 200 മീറ്റര്‍ നീളത്തില്‍ റോഡരിക് കോണ്‍ക്രീറ്റ് ചെയ്തും വീതി കൂട്ടുന്നുണ്ട്. നാലമ്പല തീര്‍ഥാടനത്തിലെ അവസാനക്ഷേത്രമായതിനാല് പായമ്മല്‍ ശത്രുഘ്നക്ഷേത്രത്തില്‍ വലിയതോതിലുള്ള ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്.