ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ചലച്ചിത്രതാരം ടി.വി. ഇന്നസെന്റിന്
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രശസ്ത സിനിമാതാരം ടി.വി. ഇന്നസെന്റ് അര്‍ഹനായി. മലയാള സിനിമ ചലച്ചിത്ര വിഹായസില് നിരവധി ചിരിക്കു ചിന്തിപ്പിക്കു കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന് നല്കി ജനമനസുകളില്‍ തന്റേതായ ഇടം കണ്ടെത്തിയ അഭിനേതാവാണ് അദ്ദേഹം. 1972ല്‍ ജീസസ് എന്ന ചലച്ചിത്രവുമായാണ് അദ്ദേഹം സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്. നിര്‍മാതാവായും അഭിനേതാവായും സംഘാടകനായും വിവിധ റോളുകളില്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിച്ച് സിനിമാ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. മലയാളി അഭിനേതാക്കളുടെ സംഘടനയായ അസോസിയേഷന് ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ് എന്ന അമ്മയുടെ പ്രസിഡന്റായും 18 വര്‍ഷക്കാലം പ്രവര്‍ത്തിച്ചു. അവശത അനുഭവിക്കുന്ന അഭിനേതാക്കളെ സഹായിക്കുന്നതിനായി കൈനീട്ടം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത് ഇന്നസെന്റാണ്. 750 ഓളം സിനിമകളില്‍ അഭിനയിച്ച അദ്ദേഹം ഹിന്ദി, കന്നട, തമിഴ് എന്നീ അന്യ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇന്നസെന്റിന്റെ കഥാപാത്രങ്ങള്‍ എന്നും മലയാളികളുടെ മനസില്‍ ഒളിമങ്ങാതെ നില്ക്കുന്നു. 2014 മുതല്‍ 19 വരെയുള്ള കാലഘട്ടത്തില്‍ ചാലക്കുടിയില്‍ ലോകസഭാമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലിമെന്റംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 31 ന് വൈകീട്ട് 5.30ന് എംസിപി ഇന്റര്‍നാഷ്ണല്‍ കണ്വെന്ഷന് സെന്ററില്‍ വെച്ച് ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിവകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അവാര്‍ഡ് ദാനം നിര്‍വഹിക്കും. പ്രശസ്ത സിനിമാതാരം സുരേഷ്ഗോപി വിശിഷ്ടാതിഥി ആയിരിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയഗിരി, സോണ്‍ പ്രസിഡന്റ് ജോബിന് കുരിയാക്കോസ് എന്നിവര്‍ പ്രസംഗിക്കും. വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന അശരണരായ അംഗവൈകല്യമുള്ളവര്‍ക്ക് പുറംലോകത്തേക്ക് സഞ്ചരിക്കുന്നതിനായി ഇലക്ട്രോണിക് വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നു. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ സിനിമാ സീരിയില്‍ താരങ്ങള്‍ പങ്കെടുക്കുന്ന ബിഗ് ഷോയും ഉണ്ടായിരിക്കുമെന്ന് ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍, പ്രോഗ്രാം ഡയറക്ടര്‍മാരായ ഡിബിന്‍ അമ്പൂക്കന്, നിസാര്‍ അഷറഫ്, മുന്‍ പ്രസിഡന്റ് ടെല്‍സണ്‍ കോട്ടോളി, സെക്രട്ടറി ഷൈജോ ഇഞ്ചോടിക്കാരന്‍ എന്നിവര്‍ അറിയിച്ചു.