കനത്ത മഴയില്‍ മണ്ഡലത്തില്‍ വ്യാപക നഷ്ടം
ഇരിങ്ങാലക്കുട: കനത്ത മഴയില്‍ മണ്ഡലത്തില്‍ വ്യാപക നഷ്ടം. കഴിഞ്ഞ ദിവസം രാത്രിയും തുടര്‍ന്ന ശക്തമായ മഴയില്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പകല്‍ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെങ്കിലും കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പിന്റെ ആശങ്കയിലാണ് ഏവരും. നഗരസഭ പരിധിയില്‍ മുനിസിപ്പല്‍ ഓഫീസ് പരിസരം, പാര്‍ക്ക് വ്യൂ റോഡ്, പേഷ്ക്കാര്‍ റോഡ്, ചാലാംപാടം, പെരുവല്ലിപ്പാടം, പൂച്ചക്കുളം, കൊരുമ്പിശേരി എന്നിവിടങ്ങളെല്ലാം വെള്ളക്കെട്ടിലായി. പെരുവല്ലിപ്പാടത്ത് നേരത്തെ അധികൃതര്‍ മുറിച്ച മരം തോട്ടില്‍ വീണ് കിടന്നതു മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് പരിസരത്തെ പത്തോളം വീടുകളില്‍ വെള്ളം കയറി. നാട്ടുകാരുടെ നേതൃത്വത്തില്‍ മരം ഉച്ചയോടെ നീക്കം ചെയ്യുകയായിരുന്നു. വാര്‍ഡ് 39 ല്‍ കല്ലട ബസ് സ്റ്റോപ്പ് പരിസരത്ത് പുത്തൂര്‍ വീട്ടില്‍ രമേശിന്റെ വീടിന്റെ പുറകിലുള്ള ഏഴ് അടി ഉണ്ടായിരുന്ന മതില് വീണ് വീട് അപകട ഭീഷണിയിലായി. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വീട്ടുകാര്‍ ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. കരുവന്നൂര്‍ പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് തീരത്തുള്ളവര്ക്കായി കരുവന്നൂര്‍ പ്രിയദര്‍ശിനി കമ്യൂണിറ്റി ഹാളില്‍ ക്യാംപ് ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ നഗരസഭ അധികൃതര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാറളം പഞ്ചായത്തില്‍ കനത്ത മഴയില്‍ കിഴുത്താണി അരണിക്കല്‍ വീട്ടില്‍ അനില്‍കുമാര്‍, കിഴുത്താണി പണിയത്ത് വീട്ടില്‍ ലോഹിതാക്ഷന് എന്നിവരുടെ കിണറുകള്‍ ഇടിഞ്ഞു. പഞ്ചായത്തില്‍ വെള്ളാനി ഗുരുദേവ സ്കൂളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപില്‍ ഒരു കുടുംബത്തില്‍ നിന്നായി അഞ്ചു പേര് എത്തിയിട്ടുണ്ട്. ആളൂര്‍ പഞ്ചായത്തില്‍ വെള്ളാഞ്ചിറ പ്രദേശത്തെ നാലു വീടുകളിലേക്ക് വെള്ളം കയറി. ഈ വീട്ടുകാര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി താമസമാക്കിയിട്ടുണ്ട്. വെള്ളാഞ്ചിറ ഫാത്തിമമാത സ്കൂളിലും തിരുത്തിപറമ്പിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുരിയാട് പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പുല്ലൂര്‍ എസ്എന്‍ബിഎസ് സമാജം എല്‍പി സ്കൂളിലും മുരിയാട് എഎല്‍പി സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. വേളൂക്കര പഞ്ചായത്തില്‍ തുമ്പൂര്‍ വൈക്കിലിച്ചിറ പ്രദേശത്തെ നാലു വീടുകളിലേക്ക് വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. തുമ്പൂര്‍ എല്‍പി സ്കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ഒരു കുടുംബമാണ് ക്യാമ്പില്‍ കഴിയുന്നത്. പൂമംഗലം പഞ്ചായത്തില്‍ ചേലൂര്‍ തേമാലിത്തറ, എടക്കുളം പെരുംന്തോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. എടക്കുളം എസ്എല്‍ യുപി സ്കൂളില്‍ ദുരിതാശ്വസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പടിയൂര്‍ പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളിലായി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. എച്ച്ഡിപി സ്കൂളിലും ഡോണ്‍ബോസ്കോ സ്കൂളിലും ക്യാംപുകള്‍ ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാട്ടൂര്‍ പഞ്ചായത്തില്‍ പൊഞ്ഞനം, മതിരപ്പിള്ളി, റോസ് കോളജ് പരിസരം എന്നിവിടങ്ങളിലെ വീടുകളില്‍ വെള്ളം കയറി. കരാഞ്ചിറ സ്കൂളില്‍ ക്യാംപ് ആരംഭിക്കാന്‍ ഉള്ള തയാറെടുപ്പുകള്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.