ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഉറപ്പാക്കും മന്ത്രി
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും യുഡിഐഡി കാര്‍ഡ് നല്‍കുമെന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് വിതരണ ക്യാമ്പ് ഇരിങ്ങാലക്കുടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനായി 1.26 ലക്ഷം പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി ഉടന്‍ കാര്‍ഡ് വിതരണം ചെയ്യും. രാജ്യത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിനായുള്ള ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റിഹാബിലിറ്റേഷന്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇരിങ്ങാലക്കുടയില്‍ നടന്ന ക്യാമ്പില്‍ 114 പേര് പങ്കെടുത്തു. മെഡിക്കല്‍ പരിശോധനയും മറ്റു നടപടികളും പൂര്‍ത്തിയാക്കിയവര്‍ക്ക് നേരിട്ട് കാര്‍ഡ് വീടുകളിലേക്കെത്തിക്കുമെന്ന് കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ഡയറക്ടര്‍ എം.എസ്. ഷെറിന് അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. എം.എസ്. ഷെറിന് സ്വാഗതവും സഹിറുദ്ദീന് നന്ദിയും പറഞ്ഞു.