കല്ലേറ്റുംകര സെന്ററില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍വേ മെയില്‍ സര്‍വീസ് നിര്‍ത്തുന്നു
കല്ലേറ്റുംകര: 40 വര്‍ഷമായി കല്ലേറ്റുംകര സെന്ററില്‍ പ്രവര്‍ത്തിക്കുന്ന, തപാല്‍വകുപ്പിന്റെ ഇരിങ്ങാലക്കുട റെയില്‍വേ മെയില്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കം. തീരപ്രദേശം മുതല്‍ മലയോരമേഖലയായ മലക്കപ്പാറ വരെ വ്യാപിച്ചുകിടക്കുന്ന ചെറുതും വലുതുമായ നൂറ്റമ്പതോളം തപാല്‍ ഓഫീസുകളിലെ ഉരുപ്പടികളാണ് കല്ലേറ്റുംകര സെന്ററില്‍നിന്ന് കൈകാര്യം ചെയ്യുന്നത്. രജിസ്റ്റേര്‍ഡ് ആര്‍ടിക്കിള്‍ അടക്കം പ്രതിദിനം 25,000 ഉരുപ്പടികള്‍ അയയ്ക്കുന്ന ഓഫീസാണിത്. രജിസ്റ്റേഡ് പോസ്റ്റ്, പാര്‍സല്‍, സ്പീഡ് പോസ്റ്റ് എന്നിവയാണ് ഇരിങ്ങാലക്കുടയില്‍നിന്ന് ചെയ്തിരുന്നത്. എന്നാല്‍, പാര്‍സലും സ്പീഡും നേരത്തെതന്നെ തൃശൂരിലേക്ക് മാറ്റി. ഇപ്പോള്‍ രജിസ്റ്റേഡ് പോസ്റ്റുകൂടി തൃശൂരിലെ സ്പീഡ് പോസ്റ്റ് ഹബ്ബിലേക്ക് മാറ്റാനാണ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ്. ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാക്കുമെന്നാണ് കരുതുന്നത്. രജിസ്റ്റേഡ് കൂടി മാറ്റിയാല്‍ സാധാരണ കത്തുകളും മാസികകളും കൈകാര്യം ചെയ്യുന്ന സാധാരണ മെയില്‍ ഓഫീസായി ഇതുമാറുമെന്ന് ജീവനക്കാര്‍ പറഞ്ഞു. ആര്‍എംഎസ് ഓഫീസുകള്‍ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ഭാഗമായിട്ടാണ് ജില്ലയിലെ രണ്ട് ഓഫീസുകളില്‍ ഒന്നായ കല്ലേറ്റുംകരയിലെ ഓഫീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നത്. 22 രൂപ മുടക്കി ബുക്ക് ചെയ്യുന്ന രജിസ്റ്റേഡ് മെയിലും 41 രൂപ മുടക്കി ബുക്ക് ചെയ്യുന്ന സ്പീഡ് പോസ്റ്റ് മെയിലും ഒരുപോലെ കൈകാര്യം ചെയ്യുവാനുള്ള ഈ നീക്കം പണം മുടക്കി ഈ സേവനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനങ്ങളോടുള്ള വഞ്ചനയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. മാത്രമല്ല, ട്രെയിന്‍ ഉപയോഗിച്ച് നടത്തുന്ന സേവനങ്ങള്‍ വാഹനങ്ങളുപയോഗിച്ച് ചെയ്യാനാണ് പദ്ധതി. ഇത് നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. ആളുകള്‍ക്ക് സാധനങ്ങള്‍ കിട്ടാന്‍ താമസവുമുണ്ടാകും. ട്രെയിനുപയോഗിച്ച് 12 മണിക്കൂര്‍കൊണ്ട് സാധനങ്ങള്‍ എത്തിക്കുന്നത് വാഹനങ്ങള്‍ ഉപയോഗിച്ചാകുമ്പോള് ഇരട്ടി സമയം വേണ്ടിവരും. കുറഞ്ഞ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് കത്ത്, പാര്‍സല്‍ മുതലായ വിവിധ ഇനം ഉരുപ്പടികള്‍ വിതരണം ചെയ്യുന്ന സ്ഥാനത്ത് സ്വകാര്യ കൂറിയര്‍ കമ്പനികള്‍ക്ക് ഇഷ്ടമുള്ള നിരക്കില്‍ ഈ സേവനങ്ങള്‍ നടത്താനുള്ള അവസരമാണ് ഉണ്ടാകുകയെന്നും അവര്‍ പറഞ്ഞു.