നിക്ഷേപതട്ടിപ്പ് കേസില്‍ പുത്തന്‍ചിറ സ്വദേശിനി യുവതി അറസ്റ്റില്‍
അറസ്റ്റിലായത് മുമ്പും സമാന കേസുകളില്‍ അറസ്റ്റിലായ യുവതി
തട്ടിപ്പ് ഇങ്ങനെ “ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം തോറും 6000 രൂപ തരും”
”ഒരു കോടി രൂപ കൊടുത്താല്‍ മാസം തോറും 10 ലക്ഷം രൂപയും ആറു മാസം കഴിഞ്ഞ് ഒരു കോടി രൂപയും തിരിച്ചുനല്‍കും”.
ഇരിങ്ങാലക്കുട: നിക്ഷേപതട്ടിപ്പ് കേസില്‍ യുവതി അറസ്റ്റില്‍. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസം തോറും 6000 രൂപ തരാമെന്നും ഒരു കോടി രൂപ കൊടുത്താല്‍ മാസം തോറും 10 ലക്ഷം രൂപയും ആറു മാസം കഴിഞ്ഞ് ഒരു കോടി രൂപയും തിരിച്ചുനല്‍കാമെന്നും പറഞ്ഞു തട്ടിപ്പ് നടത്തിയ പുത്തന്‍ചിറ കോവിലത്ത്കുന്ന് കുരിയാപ്പിള്ളി വീട്ടില്‍ സാലിഹ (35) എന്ന സ്ത്രീ ആണ് അറസ്റ്റിലായത്. കോണത്തുകുന്ന് ഭാഗത്ത് എസ്എംസി ഇന്‍വെസ്റ്റ്മെന്റ് സൊല്യൂഷന് ആന്‍ഡ് സര്‍വീസ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പൊറത്തിശേരി സ്വദേശിയുട പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. 2016 ല്‍ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലും യുവതി പ്രതി ആയിട്ടുണ്ട്. ആദ്യമാസങ്ങളില്‍ കൃത്യമായ ലാഭവിഹിതം നല്‍കിയതിലൂടെ ജനങ്ങളുടെ കൂടുതല്‍ വിശ്വാസം ആര്‍ജിച്ചാണ് പണം തട്ടിയെടുത്തത്. ഇരിങ്ങാലക്കുട സിഐ അനിഷ് കരീമിന്റെ നേതൃത്വത്തില്‍ എസ്ഐ എം.എസ്. ഷാജന്, എഎസ്ഐ പ്രസന്നകുമാര്‍, ഉദ്യോഗസ്ഥരായ സ്വപ്ന സൂരജ്, മെഹ്റുന്നിസ, ജിഷ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.