അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ചായക്കട അടച്ചുപൂട്ടി
ഇരിങ്ങാലക്കുട: ലൈസന്‍സില്ലാതെ ഇരിങ്ങാലക്കുട നഗരമധ്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചായക്കട അടച്ചുപൂട്ടി. ബിജെപി ടൗണ്‍ കമ്മിറ്റി നഗരസഭാ സെക്രട്ടറിക്കും ആരോഗ്യ വിഭാഗത്തിനും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടച്ചുപൂട്ടിയത്. എട്ടു മാസമായി ആല്‍ത്തറയ്ക്കല്‍ പ്രവര്‍ത്തിക്കുന്ന ചായക്കടക്കെതിരേയാണ് പരാതി ഉയര്‍ന്നത്. കെട്ടിട നമ്പറും ലൈസന്‍സും ഇല്ലാതെയാണ് സ്ഥാപനം നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്നും കെട്ടിടത്തിന് മുനിസിപ്പാലിറ്റി നമ്പറിട്ട് നല്‍കിയിട്ടില്ലെന്നും മുമ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നു. മൂന്നു ദിവസത്തിനകം ലൈസന്സിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്കി, ഉടമയ്ക്ക് വീണ്ടും നഗരസഭ നോട്ടീസ് നല്‍കിയിട്ടുണ്ട്. ലൈസന്‍സ് വാങ്ങിയതിനു ശേഷമേ ഇനി ചായക്കട തുറന്നു പ്രവര്‍ത്തിക്കാവൂ എന്ന് നഗരസഭ നല്കിയ നോട്ടീസില്‍ പറയുന്നുണ്ട്. 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ഈ ചായക്കടയില്‍ രാത്രി സമയങ്ങളില്‍ ക്രമസമാധാനം തകരുന്ന വിധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതില്‍ പോലീസ് ഇടപെടേണ്ടി വന്നതായും ബിജെപി നേതൃത്വം പറയുന്നു.