ഇരിങ്ങാലക്കുട ഷ്വേണ്‍സ്റ്റാട്ട് മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 18 ന് ആഘോഷിക്കും
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ ഷ്വേണ്‍സ്റ്റാട്ട് മാതാവിന്റെ തിരുനാള്‍ ഒക്ടോബര്‍ 18 ന് ആഘോഷിക്കും. തിരുനാളിനോടനുബന്ധിച്ച് നടന്ന യുവജന സെമിനാറിന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. ജോളി വടക്കന്‍ നേതൃത്വം നല്കി. കൊടിയേറ്റം, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച. തുടര്‍ന്ന് ദിവ്യബലി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ദിവ്യബലിക്കു ശേഷം നടക്കുന്ന ആരാധനക്ക് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ഡെല്‍ബി തെക്കുംപുറം നേതൃത്വം നല്കി. മാതാപിതാക്കള്‍ക്കുള്ള സെമിനാറിന് എടത്തിരുത്തി കര്‍മലമാത ഫൊറോന ചര്‍ച്ച് വികാരി ഫാ. പോളി പടയാട്ടി നേതൃത്വം നല്കി. തിരുനാള്‍ ദിനമായ 18 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന തിരുനാള്‍ ദിവ്യബലി, ജപമാല, പ്രദക്ഷിണം, പരിശുദ്ധാത്മാവിന്റെ രൂപം വെഞ്ചിരിച്ച് പ്രതിഷ്ഠിക്കല്‍ എന്നീ തിരുകര്‍മങ്ങള്‍ക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍ സമാപന ആശീര്‍വാദം നല്‍കും.
ഷേണ്സ്റ്റര്ട്ട് കപ്പേള
ഷേണ്സ്റ്റാര്ട്ട് കുടുംബത്തിന്റെ സിരാകേന്ദ്രവും അനുഗ്രഹത്തിന്റെ ഉറവിടവും ഷേണ്സ്റ്റാര്ട്ട് കപ്പേളയിലാണ്. ജര്‍മ്മനിയിലെ കോബ്ലന്‍സ് എന്ന സ്ഥലത്തിനടുത്ത് റൈന്‍ നദിയുടെ മനോഹര തീരത്ത് സ്ഥിതിചെയ്യുന്ന മാതൃക കപ്പേളയുടെ അതേ രൂപത്തിലുള്ള
നൂറില്‍ പരം കപ്പേളകള്‍ ലോകത്തില്‍ പല സ്ഥലങ്ങളിലായി പ്രശോഭിക്കുന്നു. ഈ മാതൃക കപ്പേളയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. അതിനെക്കുറിച്ച്ള്ള ആദ്യപരാമര്‍ശം 1319ല്‍ കാണുന്നു. അക്കാലത്ത് വിശുദ്ധ മൈക്കിളിന്റെ നാമത്തിലുള്ള ഒരു സിമിത്തേരി കപ്പേളയായി പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ആ കപ്പേള യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു. പിന്നീട് അത് പുനരുദ്ധരിക്കപ്പെട്ട്, സ്വകാര്യവണക്കത്തിനായി ഉപയോഗിക്കുകയും, ക്രമേണ അത് പള്ളോട്ടൈന്‍ വൈദിക സമൂഹത്തിന്റെ മേല്‍നോട്ടത്തിലാവുകയും ചെയ്തു. 1914 മുതല്‍ പള്ളോട്ടൈന്‍ സെമിനാരിയിലെ മരിയന്‍ സൊഡാലിറ്റി വിദ്യാര്‍ഥികള്‍ ഫാ. കെന്റണിക്കിന്റെ നേതൃത്വത്തില്‍ ഇവിടെ ഒത്തുചേരാന്‍ തുടങ്ങി. പരിശുദ്ധ കന്യമറിയത്തിന്റെ പ്രത്യേക മാദ്ധ്യസ്ഥത്താല്‍ ഈ ചെറിയ കപ്പേള മറ്റൊരു ലൂര്ദ്ദോ ഫാത്തിമായോ ആയിതീരണമെന്നുള്ള അഭിനിവേശവും അവരില്‍ ഉണ്ടായി. ദൈവത്തിന്റെ അനുഗ്രഹവും പരിപാലനയും, മനുഷ്യരുടെ തുറന്ന ഹൃദയത്തോടും വിശ്വാസത്തോടും കൂടിയുള്ള സഹകരണവും അചിരേണ മാതൃക കപ്പേളയെ അനുഗ്രത്തിന്റെ ഉറവയായ ഒരു മരിയന്‍ തീര്‍ഥാടന കേന്ദ്രമാക്കി മാറ്റി.
രണ്ടാം ലോക മഹായുദ്ധക്കാലം മുതല്‍ മാതൃക കപ്പേളയിയുടെ തനിപ്പകര്‍പ്പുകളായ കപ്പേളകള്‍ ലോകത്തിന്റെ നാനഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെട്ടു. മാതൃക കപ്പേളയില്‍ നിന്നും നിര്‍ഗളിച്ച ദൈവാനുഗ്രഹം ലോകത്തിന്റെ ഇതരഭാഗങ്ങളിലേക്കും, മനുഷ്യരിലേക്കും ഒഴുകിയെത്തുന്നു. ഈ കപ്പേളകള്‍ ഷേണ്സ്റ്റാര്ട്ട് കുടുംബത്തിന്റെ ആദ്യാത്മിക കേന്ദ്രങ്ങളാണ്. പരിശുദ്ധ അമ്മയുമായുള്ള സ്നേഹ ഉടമ്പടിയില്‍ ഒന്നായി, പിതാവായ ദൈവത്തിന്റെ രാജ്യം ഈ ഭൂമിയില്‍ പണിയാന്‍ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലുമുള്ളവര്‍, സ്ത്രീപുരുഷ ഭേദമന്യേ പരിശ്രമിക്കുന്നു. ആണ്ടു തോറും ആയിരക്കണക്കിന് തീര്‍ഥാടകര്‍ ഷേണ്സ്റ്റാര്ട്ട്് കപ്പേളകള്‍ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ നേടുന്നു.