മികവിന്റെ നെറുകയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ എപ്ലസ്പ്ലസ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള ഗ്രേഡ് നിര്‍ണയത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ ആയ എ പ്ലസ് പ്ലസ് ക്രൈസ്റ്റ് കോളജ് സ്വന്തമാക്കി. നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്റെ മൂല്യനിര്‍ണയത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതാക്കുക എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നാക് പരിശോധനയുടെ നാലാം പാദത്തില്‍ ആണ് ക്രൈസ്റ്റ് കോളജ് നാലില്‍ 3.52 എന്ന സ്കോറില്‍ എ പ്ലസ് പ്ലസ് എന്ന ഗ്രേഡിലേക്കുയര്ന്നത്. 13, 14 തീയതികളില്‍ നാക് വിദഗ്ധസംഘം കോളജില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അധ്യയനം, പഠനാന്തരീക്ഷം, ഗവേഷണം, അനുബന്ധ സൗകര്യങ്ങള്‍, തൊഴിലവസരങ്ങളുടെ സാധ്യത, വിദ്യാര്‍ഥി ക്ഷേമപ്രവര്‍ത്തനങ്ങള്‍, സംഘാടക മികവ്, മാനേജ്മെന്റ്,
മികച്ച മാതൃക തുടങ്ങിയവയാണ് മാനദണ്ഡങ്ങള്‍. അഞ്ചു വര്‍ഷത്തിന്റെ ഇടവേളകളില്‍ നടത്തപ്പെടുന്ന പരിശോധനയില്‍ സ്ഥാപനം നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു. റിപ്പോര്ട്ടിന്മേല് വിശദമായ പരിശോധനയ്ക്കുശേഷം വിദഗ്ധസംഘം കലാലയം സന്ദര്‍ശിച്ച് വിലയിരുത്തുന്നതാണ് നാക് പരിശോധനയുടെ രീതി. 2016 ല്‍ നടന്ന മൂന്നാം പാദ പരിശോധനയില്‍ ക്രൈസ്റ്റ് കോളജ് എ ഗ്രേഡ് നേടിയിരുന്നു. 1956 ല്‍ പത്മഭൂഷന്‍ ഫാ. ഗബ്രിയേല്‍ സിഎംഐ സ്ഥാപക പ്രിന്‍സിപ്പലായി ആരംഭിച്ച ക്രൈസ്റ്റ് കോളജില്‍ ഇന്ന് 4800 ഓളം വിദ്യാര്‍ഥികളാണുള്ളത്.
മികവിന്റെ നെറുകയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ആശയത്തിലൂന്നിയ പഠനവും, പരിസ്ഥിതി സൗഹൃദ സന്ദേശം വിദ്യാര്‍ഥികളിലേക്ക് പകരുന്ന ‘പ്രകൃതി എല്ലാവര്ക്കും’ എന്ന മുദ്രാവാക്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങളുമാണ് കലാലയത്തിന്റെ തനതായ പ്രവര്‍ത്തനങ്ങള്‍. മികച്ച പഠനാന്തരീക്ഷം, 700 ലധികം ഓപ്പണ്‍ കോഴ്സ് വീഡിയോകള്‍, കാഴ്ചപരിമിതിയുള്ള വിദ്യാര്‍ഥികളുടെ പഠനത്തിനായി 600 മണിക്കൂറിലധികം വരുന്ന ‘ശ്രവ്യം’ ഓഡിയോ ലൈബ്രറി, ഓണ്‍ലൈന്‍ പഠനസഹായിയായി കോളജ് തനതായി രൂപീകരിച്ച ലൈറ്റ് ബോര്‍ഡ്, മത്സ്യകൃഷിയുടെ നൂതന പാഠങ്ങള്‍ പരീക്ഷിച്ച അക്വാപോണിക്സ്, ഉപയോഗ ശൂന്യമായ കടലാസുകള്‍ മൂല്യവര്‍ധിത ഉപകരണങ്ങള്‍ ആക്കുന്ന ആധുനിക പേപ്പര്‍ റീസൈക്ലിംഗ് യൂണിറ്റ്, പൊതുജനനന്മ ലക്ഷ്യമാക്കിയുള്ള കോളജിലെ വിവിധ പ്രവര്‍ത്തനങ്ങള്‍, എന്നിവ നാക് മൂല്യനിര്‍ണയത്തില്‍ ശ്രദ്ധേയമായി. ‘സവിഷ്കാര’ എന്ന പേരില്‍ ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്കായി കോളജ് നടത്തുന്ന സംഗമവും കലാപരിപാടികളും ആണ് കോളജിന്റെ വ്യതിരക്തമായ പ്രവര്‍ത്തനമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
മികവ് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുംഡോ. ഫാ. ജോളി ആന്‍ഡ്രൂസ് സിഎംഐ (പ്രിന്‍സിപ്പല്‍)
വിദ്യാര്‍ഥികളുടെയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റെയും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അക്ഷീണ പരിശ്രമത്തിനൊടുവിലാണ് മഹത്തായ ഈ നേട്ടം കൈവരിക്കാനായത്. കോളജിന്റെ മികവിനുള്ള ഈ അംഗീകാരം അഭിമാനത്തോടെ ഏറ്റുവാങ്ങുമ്പോള്‍ മികവ് നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരും. ഡോ. റോബിന്‍സണ്‍ ആയിരുന്നു ഐക്യുഎസി കോഡിനേറ്റര്‍