കാരുണ്യം നിറഞ്ഞ നന്മയുടെ പൂമരമായി ഒരു മനസമ്മതം
വിരുന്നു സത്കാരം വേണ്ടെന്നു വച്ചു, പകരം 100 കുടുംബങ്ങള്‍ക്ക് സഹായം നല്കി
ഇരിങ്ങാലക്കുട: മനസമ്മത വിരുന്നു സത്കാരം വേണ്ടെന്നു വച്ച് ആ തുക 100 കുടംബങ്ങള്‍ക്കു ദുരിതാശ്വാസ സഹായമായി നല്കി. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി മാമ്പിള്ളി ജോസ്-റീന ദമ്പതികളുടെ മകള്‍ ഐമിയുടെ മനസമ്മത ചടങ്ങാണ് ബുധനാഴ്ച നടന്നത്. സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് നടന്ന ചടങ്ങിലേക്കു കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചുരുക്കം ചിലര്‍ക്കു മാത്രമേ ക്ഷണമുള്ളൂ. ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി ആയിരത്തോളം പേരുടെ സത്കാരമാണു മനസമ്മതത്തോടൊപ്പം നടത്തേണ്ടി വരിക. പക്ഷേ, കോവിഡ് കാലം അതിനു അനുവദിക്കില്ല. ഈ സാഹചര്യത്തില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ ജോസ് മാമ്പിള്ളിയുമായി ഒരു ആശയം പങ്കുവച്ചു. ലോക്ക് ഡൗണും ട്രിപ്പിള്‍ ലോക്ക് ഡൗണുമായി തൊഴിലില്ലാതെ ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളാണു നമുക്കു ചുറ്റുമുള്ളത്. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ ഏറെയാണ്. കുടുംബത്തില്‍ ഒരു സത്കര്‍മം നടക്കുമ്പോള്‍ നമുക്കു ചുറ്റുമുള്ള പാവങ്ങളെ ഓര്‍ക്കുകയും അവര്‍ക്കു ഒരു താങ്ങും തണലുമാകാന്‍ കഴിയുക എന്നതു വലിയൊരു പുണ്യപ്രവര്‍ത്തിയാണ്. വികാരിയച്ചന്റെ ഈ ആശയത്തിനു ജോസ് മാമ്പിള്ളി പരിപൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു. അങ്ങനെ വിവാഹ സത്കാരത്തിനായി കരുതി വച്ച തുകയില്‍ നിന്നും 50,000 രൂപയാണു ഇടവകയില്‍ കൊറോണ മൂലം ഉപജീവനത്തിനായി ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്കു നല്‍കുന്നത്. ഒരു കുടുംബത്തിനു 500 രൂപയുടെ വീതം ഭക്ഷ്യകിറ്റുകളാണു നല്‍കുന്നത്. തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലെ നേഴ്സാണു ഐമി. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയിലെ നേഴ്സാണു പ്രതിശ്രുതവരനായ എറണാകുളം തച്ചംപുറത്ത് വീട്ടില്‍ സിബിന്. കത്തീഡ്രല്‍ ഇടവകയിലെ ദീപിക ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റാണ് ജോസ് മാമ്പിള്ളി. എകെസിസി മുന്‍ സംസ്ഥാന പരിസ്ഥിതി ചെയര്മാന്, കെസിവൈഎം മുന്‍ രൂപത ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടനു ജോസ് മാമ്പിള്ളി ഈ തുക കൈമാറി.